Latest News

മാളയിലെ നാല് വാര്‍ഡുകള്‍ വനിതാമയം!

മാളയിലെ നാല് വാര്‍ഡുകള്‍ വനിതാമയം!
X

മാളഃ വനിതാമയമാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകള്‍. ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും വനിതാസംവരണം ഒത്തുവന്നതാണ് ഈ വാര്‍ഡുകളെ വനിതാമയമാക്കിയത്.

അഞ്ച് തെക്കുംചേരി, ആറ് എരവത്തൂര്‍, ഏഴ് കൊച്ചുകടവ്, എട്ട് കുണ്ടൂര്‍ എന്നീ വാര്‍ഡുകളില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ തലങ്ങളില്‍ എല്ലായിടത്തും വനിതകളാണ്. ഇതോടെ നിലവിലുണ്ടായിരുന്ന പല ജനപ്രതിനിധികളും അഞ്ച് വര്‍ഷമായി സ്ഥാനാര്‍ത്ഥി കുപ്പായം ഒരുക്കി വെച്ചിരുന്നവരും നിരാശയിലാണ്. പ്രചാരണ രംഗത്ത് പോലും പുരുഷസാന്നിധ്യം കുറഞ്ഞു.

പട്ടികജാതി വനിതാ സംവരണമായ ജില്ലാ പഞ്ചായത്ത് മാള ഡിവിഷനില്‍ എല്‍ഡിഎഫിന്റെ സിപിഐ സ്ഥാനാര്‍ത്ഥി മുന്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശോഭ സുഭാഷ്, യുഡിഎഫിന്റെ ശോഭന ഗോഗുല്‍നാഥ്, എന്‍ഡിഎയുടെ ബിന്ദു കുട്ടന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മാള ബ്ലോക്ക് പഞ്ചായത്ത് കുഴൂര്‍ ഡിവിഷനില്‍ യുഡിഎഫിന്റെ സില്‍വി ടീച്ചര്‍, എല്‍ഡിഎഫിന്റെ മഞ്ചു സേവ്യാര്‍, എന്‍ഡിഎയുടെ സബിത ജയന്‍ എന്നിവരും കുണ്ടൂര്‍ ഡിവിഷനില്‍ എന്‍ഡിഎയുടെ പ്രഭ ടീച്ചര്‍, എല്‍ഡിഎഫിന്റെ ഷിജി യാക്കോബ് എന്നിവരുമാണ് സ്ഥാനാര്‍ത്ഥികള്‍.

കുഴൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് തെക്കുംചേരിയില്‍ എല്‍ഡിഎഫിന്റെ മഞ്ചുള ഷാജു, യുഡിഎഫിന്റെ ബിജി വിത്സന്‍, എന്‍ഡിഎയുടെ സുനി വിനോദ്, ആറില്‍ എല്‍ഡിഎഫിന്റെ സുധ ദേവദാസ്, യുഡിഎഫിന്റെ ജിനി ടീച്ചര്‍, എന്‍ഡിഎയുടെ സുമി രതീഷ്, ഏഴില്‍ യുഡിഎഫിന്റെ രജനി മനോജ്, എല്‍ഡിഎഫിന്റെ സ്‌നേഹലത മോഹനന്‍, എന്‍ഡിഎയുടെ സബിത ബിബിന്‍, എട്ടില്‍ എല്‍ഡിഎഫിന്റെ മേരി തോമസ്, യുഡിഎഫിന്റെ റോസ്മി രാജു ഐനിക്കല്‍, എന്‍ഡിഎയുടെ ബിനു രാജേഷ്, എസ്ഡിപിഐയുടെ ടി എം തസ്‌നി എന്നിവരുമാണ് സ്ഥാനാര്‍ത്ഥികള്‍.

ഇതുകൂടാതെ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 12 വാര്‍ഡുകളും വനിതാസംവരണമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് മത്സര രംഗത്തുണ്ടായിരുന്നതും പരാജയപ്പെട്ടതുമായ നിരവധി പേരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തില്‍ കഴിഞ്ഞിരുന്നത്. ഇനി അടുത്ത തിരഞ്ഞെടുപ്പ് വേളയില്‍ എന്താകും അവസ്ഥയെന്ന ആലോചനയിലും നിരാശയിലുമാണ് പുരുഷപ്രജകള്‍!

Next Story

RELATED STORIES

Share it