Latest News

പാസ്‌പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ യുവതിയോട് മേക്കപ്പ് തുടച്ചു കളയാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍

പാസ്‌പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ യുവതിയോട് മേക്കപ്പ് തുടച്ചു കളയാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍
X

ഷാങ്ഹായ്: ഷാങ്ഹായ് വിമാനത്താവളത്തില്‍ മുഖത്ത് അമിതമായി മേക്കപ്പിട്ടെത്തിയ യുവതിയോട് മേക്കപ്പ് തുടച്ചു കളയാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍. വിമാനത്താവളത്തിലെത്തിയ ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച അധികൃതര്‍ നടത്തിയ പരിശോധനയില്‍, പാസ്‌പോര്‍ട്ടിലെ ഫോട്ടോയും ഫെയ്‌സ് സ്‌കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയും തമ്മില്‍ പൊരുത്തപ്പെടാനാവാതെ വരികയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ത്രീയോട് മുഖത്തെ മേക്കപ്പ് തുടച്ചു മാറ്റാന്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. വീഡിയോയില്‍, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതെന്നും പാസ്‌പോര്‍ട്ടിലേതു പോലെയാകുന്നതുവരെ എല്ലാം തുടച്ചു നീക്ക് എന്നു പറയുന്ന ജീവനക്കാരിയുടെ ശബ്ദവും കേള്‍ക്കാം. എന്തിനാണ് ഇവര്‍ ഇങ്ങനെ നടക്കുന്നതെന്നു ഒരു കൂട്ടര്‍ ചോദിക്കുമ്പോള്‍, ഇത് വലിയ തരത്തിലുള്ള ദുരനുഭവമാണെന്നാണ് ചിലരുടെ കമന്റ്.

എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട കേസല്ലെന്നാണ് റിപോര്‍ട്ടുകള്‍. പ്ലേബോയ് നോര്‍വേയുടെ 'പെര്‍ഫെക്റ്റ് വുമണ്‍' എന്നറിയപ്പെടുന്ന ബ്രസീലിയന്‍ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ജനൈന പ്രസെറസ് അടുത്തിടെ സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. ഒന്നിലധികം സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ ജനൈന പ്രസെറസിനെ തിരിച്ചറിയാന്‍ കഴിയാതെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവരെ 40 മിനിറ്റ് തടഞ്ഞുവച്ചതായി റിപോര്‍ട്ടുണ്ട്.

ബോഡി ലിഫ്റ്റ്, ഹാര്‍മോണൈസേഷന്‍ എന്നിവയുള്‍പ്പെടെ 20-ലധികം സൗന്ദര്യാത്മക ശസ്ത്രക്രിയകള്‍ ചെയ്ത ജനൈന പ്രസെറസ് 'എന്റെ രൂപം വളരെയധികം മാറിയതിനാല്‍ ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു' എന്നാണ് തന്നെ തടഞ്ഞു വച്ച സംഭവത്തിനു ശേഷം പറഞ്ഞത്. തുടര്‍ന്ന് അവര്‍ തന്റെ പാസ്പോര്‍ട്ട് ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള നാണക്കേടിലൂടെ കടന്നുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിന്നീട് അവരുടെ പ്രതികരണം.

Next Story

RELATED STORIES

Share it