Latest News

ശീതകാല സമ്മേളനം: പ്രധാന ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

ശീതകാല സമ്മേളനം: പ്രധാന ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
X

ന്യൂഡല്‍ഹി: 15 ദിവസം നീളുന്ന ശീതകാല സമ്മേളനത്തില്‍ ഒന്‍പത് മുഖ്യ നിയമങ്ങള്‍ പാസാക്കാനുള്ള പദ്ധതിയുമായി മോദി സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവേശം പകരുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും, ഓഹരി വിപണി, കോര്‍പ്പറേറ്റ് നിയമം, ഇന്‍ഷുറന്‍സ്, അടിസ്ഥാന സൗകര്യം, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടെ അനേകം മേഖലയിലേക്ക് ഈ പരിഷ്‌കാരങ്ങള്‍ വ്യാപിക്കുമെന്നാണ് സൂചന. നിയമനിര്‍മാണം കണ്‍വെയര്‍ബെല്‍റ്റ് രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും, ബില്ലുകള്‍ക്ക് ആവശ്യമായ പരിശോധനയും വിശദമായ ചര്‍ച്ചയും ലഭിച്ചട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആണവോര്‍ജ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതിയാണ് രാഷ്ട്രീയമായി ഏറ്റവും വിവാദമായിരിക്കുന്നത്. ചെറിയ മോഡുലാര്‍ ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിലും ധനസഹായത്തിലും മാത്രമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുവെങ്കിലും ഇത് അപകടകരമാണെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നു.

അദാനി, അംബാനി, ടാറ്റ, വേദാന്ത, ജെഎസ്ഡബഌയു എനര്‍ജി, ജിന്‍ഡാല്‍ എനര്‍ജി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഇതിനകം തന്നെ ആണവ രംഗത്ത് പ്രവേശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. 'സ്വകാര്യ പങ്കാളിത്തം സജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ അവസരങ്ങള്‍ തുറക്കുന്നതായി കാണുന്നു' ടാറ്റ പവര്‍ സിഇഒ പ്രവീണ്‍ സിന്‍ഹ വേള്‍ഡ് ന്യൂക്ലിയര്‍ ന്യൂസ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലാഭം മുന്‍നിര്‍ത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്നോട്ട് പോകുമോയെന്ന ആശങ്കയോടെയാണ് വിമര്‍ശനം ഉയരുന്നത്.

15 പ്രവൃത്തി ദിവസങ്ങളുള്ള സമ്മേളനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മറ്റൊരു നിര്‍ണായക ബില്ല് ചണ്ഡീഗഡിന്റെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രഭരണ പ്രദേശമായി മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കേന്ദ്രം താല്‍ക്കാലികമായി പിന്മാറി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ ഘടനാപരമായ മാറ്റത്തിനുള്ള ബില്ല് വീണ്ടും മുന്നോട്ട് നീക്കപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഉള്‍പ്പെടെ നിലവിലുള്ള മൂന്നു റെഗുലേറ്ററി ബോഡികളെ മാറ്റി, മെഡിക്കല്‍ നിയമ പഠനം ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ വിഷയങ്ങളും ഏകീകൃതമായി നിയന്ത്രിക്കുന്ന ഒരു ഉയര്‍ന്ന വിദ്യാഭ്യാസ കമ്മീഷന്‍ രൂപവല്‍കരിക്കാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി.

Next Story

RELATED STORIES

Share it