Latest News

പെണ്ണിനെ കൊടുക്കുമോ? കൊടുക്കല്‍ വാങ്ങല്‍ സംസ്‌കാരം തന്നെയാണ് സ്ത്രീ ജീവിതങ്ങളുടെ ദുരിതത്തിന്റെ അടിസ്ഥാനം

ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ വിവാഹം സ്വഭാവികമാണെന്നത് പോലെ ഒന്നിച്ചു പോകാനാവാത്ത രണ്ട് പേരുടെ വിവാഹമോചനവും സ്വഭാവികമായി കാണാന്‍ കഴിയാത്ത കാലത്തോളം ഇതിലൊന്നും യാതൊരു മാറ്റവും സാധ്യമല്ല

പെണ്ണിനെ കൊടുക്കുമോ? കൊടുക്കല്‍ വാങ്ങല്‍ സംസ്‌കാരം തന്നെയാണ് സ്ത്രീ ജീവിതങ്ങളുടെ ദുരിതത്തിന്റെ അടിസ്ഥാനം
X

'ദാനിയ നാജിഹ

ഒരു സ്ത്രീയെ, പ്രത്യേകിച്ച് വിവാഹിതയായ സ്ത്രീയെ എങ്ങനെയാണ് സമൂഹം വാലിഡേറ്റ് ചെയ്യുന്നത് എന്ന് വളരെ അത്ഭുതത്തോടെയും അതേ സമയം വേദനയോടെയും ശ്രദ്ധിച്ചിട്ടുണ്ട്.

' നിറയെ സ്വര്‍ണം ഉണ്ട്..പോരാത്തതിനു ഒരു കാറും.. അവന്റെ ഭാഗ്യം'

'എല്ലാ പണിയും ചെയ്യും, നന്നായി ഭക്ഷണം ഉണ്ടാക്കാനും അറിയാം '

അടുത്ത കാലത്തായി പ്രോഫഷനും ചെറുതായിട്ടൊക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാലും ഒരു ഡിസ്‌ക്‌ളൈമര്‍ നിര്‍ബന്ധമാണ്.

'ഡോക്ടറാണെങ്കിലെന്താ എല്ലാ വീട്ടുപണിയും അറിയാം.. '

പുരുഷനും സ്ത്രീയും പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഷെയര്‍ ചെയ്ത് താങ്ങും തണലുമായി മാറേണ്ട, കോഎക്‌സിസ്‌റ് ചെയ്യേണ്ട ഇടം എന്നതില്‍ നിന്നു മാറി വീട്ടിലുള്ളവരുടെ ജീവിതം എളുപ്പമാക്കാനുള്ള ഉപാധിയായി വിവാഹത്തെ എന്നേ സമൂഹം എസ്റ്റാബ്ലിഷ് ചെയ്ത് വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് മരുമകള്‍ കൊണ്ട് വരുന്ന സമ്പത്തും അവളുടെ വീട്ടുജോലിയിലെ മേന്മയും ആഘോഷിക്കപ്പെടുകയും പ്രൊഫഷനലായ നേട്ടങ്ങളോ പാട്ടു പാടുമെന്നതൊ ചിത്രം വരക്കുമെന്നതോ ഒന്നും ഒരു പെണ്ണിന്റെ, സൊ കാള്‍ഡ് 'സ്ത്രീത്വത്തിന്റെ ' എടുത്തുപറയേണ്ടുന്ന ക്വാളിറ്റി അല്ലാതെ ആയി മാറുകയും ചെയ്യുന്നത്.

'പെണ്ണിനെ കൊടുക്കുമോ?'

പലയിടങ്ങളിലും കൊളോക്കിയല്‍ ആയി പെണ്‍കുട്ടിയുടെ വിവാഹാലോചനക്കായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്!! ഈ കൊടുക്കല്‍ വാങ്ങല്‍ സംസ്‌കാരം തന്നെയാണ് സ്ത്രീ ജീവിതങ്ങളുടെ ദുരിതത്തിന്റെ അടിസ്ഥാനം. വാങ്ങിക്കൊണ്ടുവന്ന ഒരു പ്രോപ്പര്‍ട്ടിയുടെ മേല്‍ ഉള്ള എല്ലാ അധികാരങ്ങളും സമൂഹം ഭര്‍ത്താവിന് പതിച്ചു കൊടുക്കുന്നു. ഇവ്വിധം അധികാര ബോധത്തില്‍ നിന്നുണ്ടാവുന്ന ഏത് അതിക്രമങ്ങളെയും എങ്ങനെ നോര്‍മലൈസ് ചെയ്ത് സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകാമെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ഡിവോഴ്‌സിനെക്കാള്‍ എളുപ്പം ആത്മഹത്യ ആണെന്ന ബോധ്യം അവരുടെ ഉള്ളില്‍ വളര്‍ത്തുന്നു.

'ഇറങ്ങി പോന്നൂടെ', 'ജോലി ചെയ്ത് ജീവിച്ചൂടെ ' എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. അവളുടെ ഭീരുത്വം എന്നൊക്കെ മുദ്രകുത്താനും സൗകര്യമാണ്. പക്ഷെ നേരിടേണ്ട സാമ്പത്തിക അരക്ഷിതാവസ്ഥയെ കുറിച്ചോര്‍ക്കുമ്പോള്‍, പ്രചരിപ്പിക്കപ്പെടാന്‍ പോകുന്ന കഥകളെ പറ്റിയാലോചിക്കുമ്പോള്‍, സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മരണം തിരഞ്ഞെടുക്കേണ്ടി വരുന്ന, അല്ലെങ്കില്‍ മരിച്ചു കൊണ്ട് ജീവിക്കേണ്ടിവരുന്ന വലിയൊരു കൂട്ടത്തിന്റെ പ്രതീകം മാത്രമാണ് വിസ്മയ. പേരുകള്‍ മാത്രമേ മാറുന്നുള്ളു കാര്യകാരണങ്ങള്‍ ഒന്ന് തന്നെയാണ്. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ വിവാഹം സ്വഭാവികമാണെന്നത് പോലെ ഒന്നിച്ചു പോകാനാവാത്ത രണ്ട് പേരുടെ വിവാഹമോചനവും സ്വഭാവികമായി കാണാന്‍ കഴിയാത്ത കാലത്തോളം ഇതിലൊന്നും യാതൊരു മാറ്റവും സാധ്യമല്ല. ഇറങ്ങി നടന്നാല്‍ അക്കൊമോഡേറ്റ് ചെയ്യാന്‍ പാകത്തില്‍ വളരാത്ത സമൂഹം തന്നെയാണ് ഇത്തരം സംഭവങ്ങളിലെ ഒന്നാം പ്രതി. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍

Next Story

RELATED STORIES

Share it