Latest News

നരേന്ദ്ര മോദിയുടെ കോര്‍പറേറ്റ് ഹിന്ദുത്വത്തെ വരാണസിയിലെ ഹിന്ദുക്കള്‍ തള്ളുമോ?

നരേന്ദ്ര മോദിയുടെ കോര്‍പറേറ്റ് ഹിന്ദുത്വത്തെ വരാണസിയിലെ ഹിന്ദുക്കള്‍  തള്ളുമോ?
X

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. യുപി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാശി കോറിഡോറടക്കം വന്‍കിട പദ്ധതികള്‍ നടക്കാപ്പാക്കിയ തന്റെ സ്വന്തം മണ്ഡലമായ വരാണസി ബിജെപിയെ തുണക്കുമോയെന്നാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

കൊവിഡ് കാലത്ത് മൃതദേഹങ്ങള്‍ നിറഞ്ഞ ഗംഗാനദിയും കൊവിഡ് വ്യാപനവും മാത്രമല്ല ഇത്തവണ ബിജെപിക്ക് പാരയാകാന്‍ പോകുന്നതെന്നാണ് റിപോര്‍ട്ട്. തന്റെ കീര്‍ത്തി വര്‍ധിപ്പിക്കാന്‍ പണി തീര്‍ത്ത കാശി കോറിഡോര്‍ തന്നെ പണി തരുന്ന മട്ടാണ്. മോദിയുടെ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളായ വരാണസി വിശ്വനാഥ ക്ഷേത്രത്തിലെയും സങ്കടമോചന ക്ഷേത്രത്തിലെയും പുരോഹിതര്‍തന്നെ മോദിയുടെ ഹിന്ദുത്വ പദ്ധതിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.

മോദിയുടെ ലോക്‌സഭാമണ്ഡലത്തിലെ പല നിയോജകണ്ഡലങ്ങളും നേരത്തെ മുതല്‍ ബിജെപിയെ തുണച്ചിരുന്ന മണ്ഡലങ്ങളാണ്. 2011 സെന്‍സസില്‍ 70 ശതമാനം ഹിന്ദുക്കളും 28 ശതമാനം മുസ് ലിംകളും ഉള്‍പ്പെടുന്ന പ്രദേശവുമാണ് ഇത്.

വരാണസിയിലെ പ്രധാന ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം, വരാണസിയിലെ മാത്രമല്ല, രാജ്യത്തെത്തന്നെ ഏറ്റവും പ്രശസ്ത ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പുരോഹിതനായ ഡോ. കുര്‍പതി തിവാരിയാണ് ഇപ്പോള്‍ മോദിയുടെ യുപി പ്രതിരൂപമായ യോഗിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. യോഗി ആദിത്യനാഥ് തന്നെ കാശിയില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയുള്ള ഖൊരക്പൂരിലെ മഠത്തില്‍ പുരോഹിതനാണെന്ന് ഓര്‍ക്കണം. എന്നിട്ടും കാശി വിശ്വാനാഥ ക്ഷേത്ര പുരോഹിതന്‍ ശക്തമായ നിലാപാടുമായി മോദിക്കെതിരേയും യോഗിക്കെതിരേയും രംഗത്തുവന്നിരിക്കുകയാണ്.

കാശി കോറിഡോര്‍ സ്ഥാപിക്കാന്‍ നിരവധി ഉപക്ഷേത്രങ്ങള്‍ യോഗി പൊളിച്ചുകളഞ്ഞിരുന്നു. ഇതാണ് ഡോ. തിവാരിയെ പ്രകോപിപ്പിച്ചത്. അവസാനം കാശിയിലെ ദൈവങ്ങള്‍ ബിജെപിയെയും നാട്ടില്‍ നിന്ന് ഓടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. താനൊരു കാഴ്ചക്കാരനായി ഒരു മൂലയില്‍ ഒതുങ്ങിയിരുന്നുവെന്നും മോദിക്കും കൂട്ടര്‍ക്കും ആരാധനയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഗംഗയില്‍ മുങ്ങിയതുപോലും വേണ്ടപോലെയല്ലത്രെ. താന്‍ ബാബ വിശ്വനാഥന്റെ പേരില്‍ പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്നും വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍ കടക്കുമെന്നും തനിക്ക് ഒന്നിനെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

മമതാ ബാനര്‍ജി വിളിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അത് ശരിയായാലും അല്ലെങ്കിലും ബിജെപിക്കെതിരേ രൂപപ്പെടുന്ന അസംതൃപ്തിയുടെ ഭാഗമായാണ് പലരും ഈ മനംമാറ്റത്തെ കാണുന്നത്.

അതേസമയം വരാണസിയിലെ ഹരിച്ചന്ദ്ര ഘട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്ന പലര്‍ക്കും മോദി ഒരു പ്രതീക്ഷയാണെന്നതും സത്യമാണ്. അതിലൊരാളാണ് പവന്‍ ചതുര്‍വേദി. മോദിയുടെ നാമനിര്‍ദേശപത്രികയില്‍ അദ്ദേഹത്തിന്റെ പേരാണ് ശുപാര്‍ശ ചെയ്യുന്നയാളായി രേഖപ്പെടുത്തിയിരുന്നത്. ദലിത് സമുദായാംഗമായ പവനെപ്പോലുളളവര്‍ അതൊരു പ്രതീക്ഷയായി കാണുന്നു.

പക്ഷേ, പവനെപ്പോലെയല്ല സങ്കടമോചന ക്ഷേത്രത്തിലെ വിശ്വംഭര്‍ നാഥ് മിശ്രയുടെ പ്രതികരണം. ബനാറസ് ഹിന്ദു സര്‍വകലാശാല പ്രഫസറായിരുന്ന അദ്ദേഹം അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്. മോദിയുടെ പുതിയ പദ്ധതി ഗംഗയിലെ മലിനജലനിര്‍ഗമനത്തെ ഒരു തരത്തിലും കണക്കിലെടുത്തിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.

മോദി മുങ്ങി നിവര്‍ന്ന സ്‌നാന ഘട്ടില്‍ തൊട്ടടുത്ത ദിവസം മാലിന്യ പ്രവാഹമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനെക്കൂടാതെ സങ്കട മോദന ക്ഷേത്രത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. കവി തുളസിദാസാണ് ഈ ഹനുമാന്‍ ക്ഷേത്രം പണി തീര്‍ത്തത്.

കഴിഞ്ഞ 97 വര്‍ഷമായി ഇവിടെ പ്രശസ്തമായ സംഗീതോല്‍സം നടന്നുവരുന്നു. ഇതില്‍ മുസ് ലിംകളെ പങ്കെടുപ്പിക്കുക പതിവില്ല. 2006ല്‍ ഈ ക്ഷേത്ര പരിസരത്ത് ഒരു ബോംബ് സ്‌ഫോടനം നടന്നു. 28 പേര്‍ മരിച്ചു. പ്രതിചേര്‍ക്കപ്പെട്ടവര്‍ മുസ് ലിംകളായിരുന്നു. സമുദായങ്ങള്‍ തമ്മിലുളള സൗഹാര്‍ദ്ദത്തേക്കാള്‍ വലുതായൊന്നുമില്ലെന്ന് കരുതുന്ന ഇവിടത്തെ പുരോഹിതന്‍ വിശ്വംഭര്‍ നാഥ് മിശ്ര അടുത്ത വര്‍ഷം മുതല്‍ സംഗീതോല്‍വത്തിന് മുസ് ലിം സംഗീതകാരനെ കൊണ്ടുവന്നു.

ആദ്യം വന്നത് ഷെഹനായി വിദഗ്ധന്‍ മുംതാസ് ഹുസൈന്‍ ഖാനാണ്. ബിസ്മില്ലാ ഖാന്റെ മരുമകനാണ് അദ്ദേഹം. 2006ല്‍ ബിസ്മില്ലാഖാന്‍ മരിച്ചു. അതുവരെയും അദ്ദേഹം ഗംഗയില്‍ കുളിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഇങ്ങനെയുളള ഒരു നാട്ടില്‍ നിന്ന് മുസ് ലിംകളെ ഒഴിവാക്കാനാവില്ലെന്നാണ് മിശ്ര പറയുന്നത്.

ഈ വര്‍ഷം ജനുവരി ആറിന് വിശ്വുഹിന്ദു പരിഷത്ത് ഇതിനെതിരേ ചില നീക്കങ്ങള്‍ നടത്തി. മുസ് ലിംകള്‍ക്കെതിരേ അവര്‍ ഒരു നോട്ടിസ് പ്രചരിപ്പിച്ചു. എങ്കിലും വരാണസിയില്‍ നിന്ന് മുസ് ലിംകളെ ഒഴിവാക്കാനാവില്ലെന്നാണ് ക്ഷേത്രപുരോഹിതര്‍ പറയുന്നത്. അങ്ങനെ കരുതുന്ന നിരവധി പേരുണ്ട് ഇവിടെ.

ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ മിക്കവാറും സമാജ് വാദി പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. എങ്കിലും അത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പില്ല. കണ്ടു തന്നെ അറിയണം.

Next Story

RELATED STORIES

Share it