Latest News

ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ വീണപോലെ സജി ചെറിയാനും വീഴുമോ

1985ല്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ 'പഞ്ചാബ് മോഡല്‍' പ്രസംഗമാണ്

ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ വീണപോലെ സജി ചെറിയാനും വീഴുമോ
X

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ഗതി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 1985ല്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാദമായ 'പഞ്ചാബ് മോഡല്‍' പ്രസംഗമാണ്. ഇപ്പോള്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗവും അന്നത്തെ പിള്ളയുടെ പ്രസംഗം ഏതാണ്ട് സമാനമാണ്.

ബ്രിട്ടീഷുകാരന്‍ തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു

'മനോഹര ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു'. എന്ന മന്ത്രിയുടെ വാക്കുകള്‍ നാക്കുപിഴയാണെന്ന് പറഞ്ഞ് കോടതിയില്‍ തടിയൂരാന്‍ കഴിയുമോ. ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയാറാക്കിയ ഭരണഘടന എന്ന് പറഞ്ഞത് ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്ക്കറെയും ഭരണഘന നിര്‍മാണ സമിതിയെയും അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്.

തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല

'തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്.' എന്ന മന്ത്രിയുടെ വാക്കുകള്‍ ഭരണകൂടത്തിന്റെ നയത്തെയല്ല ഭരണഘടനയെയാണ് കടന്നാക്രമിക്കുന്നത്. ഭരണഘടന നടപ്പാക്കുന്നത് ഭരണകൂടമാണെന്ന ഇടതു രാഷ്ട്രീയ് രാഷ്ട്രീയ ലൈന്‍ തന്നെ മന്ത്രി മറന്നുപോയി.

പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം

1985ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡല്‍ പ്രസംഗമെന്ന് പേരില്‍ വിവാദമായത്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു പിള്ളയുടെ പ്രസംഗം. 'കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണമെന്നായിരുന്നു സന്ദേശം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം' ഇതായിരുന്നു പിള്ളയുടെ വാക്കുകള്‍.

പഞ്ചാബില്‍ അന്ന് ഖലിസ്താന്‍ വാദികള്‍ അടക്കമുള്ള വിഘടനവാദ സംഘടനകളാണ് അത്തരം മുദ്രാവാക്യമുയര്‍ത്തിയത്. പത്രങ്ങളില്‍ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവാദം കത്തിക്കയറി. കലാപാഹ്വാനമെന്ന വാദത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും അത് രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രസംഗമായി.

അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി കാര്‍ത്തികേയന്‍, പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി ഹൈകോടതിയില്‍ എത്തി. കെ കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളക്ക് അതോടെ മന്ത്രിസ്ഥാനം തെറിച്ചു.

അന്ന് ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് അന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് നേതാവ് ജി കാര്‍ത്തികേയനായിരുന്നു. ഇന്ന് മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ജി കാര്‍ത്തികേയന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെഎസ് ശബരീനാഥനാണെന്നത് സമാനമായൊരു രാഷ്ട്രീയ നിയോഗം.

Next Story

RELATED STORIES

Share it