Latest News

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം
X

മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം. വീടും വീട്ടുസാധനങ്ങളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ഡാമിൽ വള്ളം മുങ്ങി മരിച്ച ​ഗോപി നാ​ഗന്റെ വീടാണ് തകർത്തത്. ഈസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.ആക്രമണം നടത്തിയത് ചക്കകൊമ്പനാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആന പ്രദേശത്ത് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വേനൽ കടുത്തതോടെ മൂന്നാറിൽ വിവിധ മേഖലകളിൽ കാട്ടാന ആക്രമണം പതിവായിട്ടുണ്ട്. ചൊവ്വാഴ്ച പന്നിയാർ എസ്റ്റേറ്റിൽ ചക്കകൊമ്പൻ റേഷൻകട തകർത്തിരുന്നു. ഫെൻസിങ് ഉൾപ്പെടെ തകർത്തുകൊണ്ടാണ് റേഷൻകട തകർത്തത്.

അടമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലും മൂന്നാര്‍ സെവന്‍മലയിലെ ജനവാസമേഖലയിലും കാട്ടാനകള്‍ ഭീതി പരത്തുന്നു. കാഞ്ഞിരവേലിയില്‍നിന്ന് ഇതുവരെ കൊലയാളി ആന കാട് കയറിയില്ല. ചൊവ്വാഴ്ച പ്രദേശത്ത് വ്യാപക കൃഷിനാശം ഉണ്ടാക്കി.നാട്ടുകാര്‍ പേടിയോടെയാണ് കഴിയുന്നത്. മാര്‍ച്ച് നാലിന് മുണ്ടോകണ്ടത്തില്‍ ഇന്ദിര(71)യെ കൊലപ്പെടുത്തിയ കാട്ടാന ഇപ്പോഴും പ്രദേശത്ത് ഭീതി പരത്തുന്നു. ഇതിനെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അവര്‍ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് കാഞ്ഞിരവേലി മാക്കല്‍ ഭാസ്‌കരന്‍ സഹോദരന്‍ രവി എന്നിവരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയവ നശിപ്പിച്ചു. നാട്ടുകാര്‍ തുരത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാന ആളുകളുടെ നേരേ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ പിന്‍മാറി. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ചൊവ്വാഴ്ച കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍നടപടികള്‍ അടുത്തദിവസം ഉണ്ടാകുമെന്ന് എ രാജ എംഎല്‍എ പറയുന്നു.

മൂന്നാര്‍ സെവന്‍മലയിലെ ജനവാസമേഖലയായ പാര്‍വതി ഡിവിഷനില്‍ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ആന ഇറങ്ങിയത്. തൊഴിലാളികളില്‍ പലരും ജോലിക്ക് പോകാനിറങ്ങുന്ന സമയത്താണ് ആന ലയങ്ങള്‍ക്ക് സമീപത്തെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമയത്ത് റോഡിലുണ്ടായിരുന്നു. ഏറെ നേരം ആന എസ്റ്റേറ്റ് റോഡില്‍ നടന്നത് ഭീതി പരത്തി. നാട്ടുകാര്‍ കട്ടക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആനയാണ് ഇത്. നാട്ടുകാര്‍ ഭയന്നോടി. ആനകളെ വിരട്ടിയോടിക്കാന്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി. ഇവിടെയുണ്ട്. എന്നിട്ടും ആനകള്‍ ജനവാസമേഖലയില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it