Latest News

ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റ്: മോദിയുടെയും അമിത് ഷായുടെയും അജിത് ഡോവലിന്റെയും മൗനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വിഷയത്തില്‍ കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റ്: മോദിയുടെയും അമിത് ഷായുടെയും അജിത് ഡോവലിന്റെയും മൗനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങളില്‍ ഏറെ വാചാലരാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ പോലിസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ്ങിനെ കഴിഞ്ഞ ദിവസമാണ് രണ്ട് ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം ശ്രീനഗറില്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍ പോലിസ് അറസ്റ്റ് ചെയ്തത്. അയാളുടെ വീട്ടില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു.

.ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ് 3 ഭീകരര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം നല്‍കുകയും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ പിടിക്കപ്പെടുകയും ചെയ്തു. അയാളുടെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ 6 മാസത്തിനുള്ളില്‍ നടത്തണം. കുറ്റക്കാരനെന്നു കണ്ടാല്‍ രാജ്യദ്രോഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം- രാഹുല്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഏതാനും ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

വിഷയത്തില്‍ കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റ് നിരവധി പ്രകോപനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അയാള്‍ ഇത്ര നാളും അറസ്റ്റ് ഒഴിവാക്കിയെന്നു മാത്രമല്ല, വിദേശ നയതന്ത്രപ്രതിനിധികളുടെ സുരക്ഷ അടക്കമുള്ള നിരവധി ചുമതലകള്‍ വഹിക്കുകയും ചെയ്തു. അയാള്‍ ആരുടെ ഉത്തരവ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്? വിശദമായ അന്വേഷണം നിര്‍ബന്ധമായും നടത്തണം. ഭീകരാക്രമണത്തിന് സഹായിക്കുന്നവരും രാജ്യദ്രോഹികളാണ്- പ്രിയങ്ക പറഞ്ഞു.

അറസ്റ്റിലാവും മുമ്പ് ദേവീന്ദര്‍ അവസാനം നിര്‍വഹിച്ചത് നയതന്ത്ര പ്രതിനിധികളുടെ കശ്മീര്‍ യാത്രയുടെ ഭാഗമായി ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയായിരുന്നു.




Next Story

RELATED STORIES

Share it