Latest News

കൊവിഡ് 19: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടന

കൊവിഡ് 19: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടന
X

ജനീവ: മലേറിയ ചികില്‍സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വീണ്ടും കൊവിഡ് ചികില്‍സയുടെ ഭാഗമാക്കുമെന്ന് ലോകാരോഗ്യസംഘടന. ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകാരോഗ്യസംഘനട ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ലഭിച്ച മരണനിരക്കിനെ സംബന്ധിച്ച ഡാറ്റകള്‍ പരിശോധിച്ചപ്പോള്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ചികില്‍സാ പ്രോട്ടോകോളില്‍നിന്ന് ഒഴിലാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘനടയുടെ ഡാറ്റ മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 25 ന് ലോകാരോഗ്യ സംഘടന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രശസതമായ ജേര്‍ണലുകളിലൊന്നായ ലാസെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം കൊവിഡ് രോഗികളില്‍ മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാവുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേതുടര്‍ന്നാണ് മരുന്നിന്റെ ഉപയോഗം നിര്‍ത്തിവച്ചത്.

നിരോധനം നീക്കിയെങ്കിലും തുടര്‍ന്നുള്ള ഉപയോഗം ലോകാരോഗ്യസംഘനടയുടെ ഡാറ്റ മോണിറ്ററിങ് കമ്മിറ്റി സൂക്ഷമായി നിരീക്ഷിക്കുമെന്ന് ഗെബ്രിയേസസ് പറഞ്ഞു.

35 രാജ്യങ്ങളിലായി ഇതുവരെ 3,500 ല്‍ അധികം രോഗികളെ പരീക്ഷങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തിട്ടുണ്ട്. രോഗനിവാരണത്തിനാവശ്യമായ വാക്‌സിന്‍, പരിഹാരമാര്‍ഗങ്ങള്‍, ചികില്‍സ ഇതൊക്കെ കണ്ടെത്താന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നേരത്തെ നിര്‍ത്തിവച്ചെങ്കിലും ഇന്ത്യ അതംഗീകരിച്ചിരുന്നില്ല. ഈ മരുന്നിന്റെ ഉപയോഗത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അതിന്റെ സാധ്യതകളെ കുറിച്ച് ഇന്ത്യന്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ എതിരഭിപ്രായമില്ലെന്നും സിഎസ്‌ഐആറും വ്യക്തമാക്കിയിരുന്നു.

ലാസെറ്റിലെ പഠനം ലോകത്തെ 96000 ആശുപത്രി രജിസ്റ്ററുകളിലെ കണക്കെടുത്തായിരുന്നെന്നും അതിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നുമായിരുന്നു സിഎസ്‌ഐആര്‍ മേധാവി പറഞ്ഞത്.

Next Story

RELATED STORIES

Share it