Latest News

എന്താണ് കേന്ദ്ര ധനമന്ത്രി പറഞ്ഞ മോണിറ്റൈസേഷന്‍?

എന്താണ് കേന്ദ്ര ധനമന്ത്രി പറഞ്ഞ മോണിറ്റൈസേഷന്‍?
X

ഡോ. ടി എം തോമസ് ഐസക്ക്

കഴിഞ്ഞ ബജറ്റില്‍ പതിവുപോലെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുമെന്നും അതിലൂടെ ഒരുലക്ഷത്തിലേറെ കോടി രൂപ സമാഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം റോഡുകള്‍, ഖനികള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി നാടിന്റെ പൊതുസ്വത്തുക്കള്‍ മോണിറ്റൈസ് ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായി. അധികമാര്‍ക്കും ഇത് എന്താണെന്നു മനസ്സിലായില്ല. ഇതാ ഇപ്പോള്‍ ഈ രണ്ടാമതു പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാവുകയാണ്.

6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കള്‍ വില്‍പ്പനയ്ക്കു വയ്ക്കുവാന്‍ പോവുകയാണ്. കോഴിക്കോട് വിമാനത്താവളവും അതില്‍പ്പെടും. ദേശീയപാത (1.6), റെയില്‍വേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉല്‍പ്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയര്‍ഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ്‌ലൈന്‍ (0.23), വ്യോമഗതാഗതം (0.21), റിയല്‍ എസ്‌റ്റേറ്റ് (0.15), തുറമുഖം (0.13), സ്‌റ്റേഡിയങ്ങള്‍ (0.11) ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ്. മൊത്തം 6 ലക്ഷം കോടി രൂപ.

ഇതു സ്വത്ത് വില്‍പ്പന അല്ലായെന്ന് കേന്ദ്ര ധനകാര്യമന്ത്രി ആണയിട്ടു പറയുന്നുണ്ട്. പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കുകയാണല്ലോ ചെയ്യുന്നത്. അതോടെ ഉടമസ്ഥത പുതിയ ഓഹരി ഉടമകളുടേതായിത്തീരും. എന്നാല്‍ ഇവിടെ അതില്ല. മറിച്ച്, അവയുടെ മൂല്യത്തെ പണമായിട്ടു മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. നിശ്ചതകാലയളവു കഴിഞ്ഞാല്‍ ഈ ആസ്തികള്‍ തിരിച്ചു സര്‍ക്കാരിനു ലഭിക്കുകയും ചെയ്യും. ഈ പുതിയ സമ്പ്രദായത്തെ വിളിക്കുന്ന പേരാണ് മോണിറ്റൈസേഷന്‍. നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു സ്വകാര്യവല്‍ക്കരണ രീതിയാണിത്. എന്താണ് ഈ പുതിയ രീതിസമ്പ്രദായം?

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആസ്തികളുടെ മൂല്യം അല്ലെങ്കില്‍ വില എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ട്. അതു രഹസ്യമായിട്ടു വച്ചിരിക്കുകയാണെന്നാണ് വയ്പ്പ്. അവയുടെ മൊത്തം മൂല്യമെടുത്താല്‍ 6 ലക്ഷം കോടി രൂപ വരും. സര്‍ക്കാര്‍ ഇനി ഓരോ ആസ്തിയും ടെണ്ടര്‍ ചെയ്യും. ഏറ്റവും ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറുള്ള സംരംഭകരെ ആസ്തിയുടെ മേല്‍നോട്ടവും നടത്തിപ്പും അധിക നിക്ഷേപത്തിനുള്ള അവകാശവും കൈമാറും.

1000 കോടി മൂല്യമുള്ള ഏതാനും റെയില്‍വേ സ്‌റ്റേഷനുകളും അവയുടെ ഭൂമിയും 30 വര്‍ഷത്തേയ്ക്ക് ഇങ്ങനെ ടെണ്ടര്‍ ചെയ്യുന്നതെന്നിരിക്കട്ടെ. ടെണ്ടറില്‍ 1000 കോടിയേക്കാള്‍ കൂടുതല്‍ വില തരാന്‍ തയ്യാറുള്ള സംരംഭകരുായി ചര്‍ച്ച ചെയ്ത് കരാര്‍ ഉറപ്പിക്കുകയാണു ചെയ്യുക. അങ്ങനെ ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ എന്തെല്ലാമാണ് നിബന്ധനകളെന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം പുതിയ നിക്ഷേപങ്ങള്‍ക്കുള്ള അവകാശം സംരംഭകന് ഉണ്ടാകുമെന്നതും വ്യക്തമല്ല. പക്ഷെ, ഒരു കാര്യം വളരെ വ്യക്തം. 30 വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന 1000 കോടി രൂപയും അതിന്റെ പലിശയും പുതിയ നിക്ഷേപത്തിന്റെ ലാഭത്തിലൂടെ മുതലാക്കാന്‍ കഴിയുമോയെന്ന് സംരംഭകന്‍ സ്വാഭാവികമായും കണക്കു കൂട്ടുമല്ലോ. റെയില്‍വേ സ്‌റ്റേഷനിലെ യൂസര്‍ഫീ വര്‍ദ്ധിപ്പിക്കാം. റെയില്‍വേ ഭൂമിയില്‍ ഹോട്ടലുകള്‍ പണിയാം. ലാഭമുണ്ടാക്കാന്‍ ഇങ്ങനെ പലതും ചെയ്യും. എന്നുവച്ചാല്‍ റെയില്‍വേ ഉപഭോക്താക്കളുടെമേല്‍ വമ്പിച്ചഭാരം ഇതുമൂലം വരും.

ഇങ്ങനെ 30 വര്‍ഷം കഴിഞ്ഞാല്‍ സ്വത്തുക്കള്‍ തിരിച്ചു സര്‍ക്കാരിലേയ്ക്കു ചെല്ലുമെന്നാണു ധനമന്ത്രി പറയുന്നത്. പക്ഷെ, സംരംഭകന്‍ മുതല്‍മുടക്കിയ പുതിയ ആസ്തികളുടെ വില സംരംഭകനു നല്‍കേണ്ടി വരില്ലേ? 1000 കോടി രൂപയുടെ മുതല്‍മുടക്കു വസൂലാകുന്ന രീതിയില്‍ യൂസര്‍ഫീകള്‍ കുത്തനെ ഉയര്‍ത്താന്‍ അനുവദിക്കില്ലായെന്നു നിബന്ധനവച്ചാല്‍ സര്‍ക്കാരിനു കിട്ടിയ പണം തിരിച്ചു നല്‍കാന്‍ ബാധ്യതയുണ്ടാവില്ലേ? ഇങ്ങനെ സംരംഭകന് അയാള്‍ മുടക്കിയ ആസ്തികളുടെ വിലയും മറ്റും തിരിച്ചുനല്‍കണമെങ്കില്‍ അതിനുള്ള പണം സര്‍ക്കാരിന് എവിടെനിന്നും ഉണ്ടാകും?

മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നുകില്‍ ഈ സംരംഭകനു തന്നെ കാലാവധി നീട്ടിക്കൊടുക്കുക. ഉദാഹരണത്തിന് 30 വര്‍ഷമെന്നുള്ളത് 90 വര്‍ഷം ആക്കിക്കൊടുക്കാം. അതോടെ സര്‍ക്കാരിനു പണം തിരിച്ചു കൊടുക്കാനുള്ള ഏടാകൂടത്തില്‍ നിന്നെല്ലാം രക്ഷപ്പെടാം. രണ്ടാമത്തെ മാര്‍ഗ്ഗം ഈ സ്വത്ത് വീണ്ടും ലേലം വിളിക്കാം. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സംരംഭകന്‍ മുടക്കിയ പണം തിരിച്ചു നല്‍കാം. അതുമല്ലെങ്കില്‍ നടത്തിപ്പുകാരനു സ്വത്ത് വില്‍ക്കാം.

മേല്‍വിവരിച്ചത് Direct Cotnractual Approach അഥവാ നേരിട്ടുള്ള കരാര്‍ സമ്പ്രദായം ആണ്. മുമ്പ് വിവരിച്ചതുപോലെ മുഴുവന്‍ പണവും ഒറ്റയടിക്ക് ആദ്യം തന്നെ വാങ്ങാം അല്ലെങ്കില്‍ തവണകളായി വാങ്ങാം. അതുപോലെ Structured Finance Approach എന്നൊരു രീതിയുമുണ്ട്. ഇവിടെ ആസ്തിയുടെ മൂല്യം സെക്യൂരിറ്റികളാക്കി വില്‍ക്കുന്നു. ആ പണം ഉപയോഗിച്ച് നിക്ഷേപം നടത്തുന്നു. മൂല്യവര്‍ദ്ധന ഉണ്ടാകുമ്പോള്‍ അതിന്റെ നേട്ടം സെക്യൂരിറ്റികളുടെ ഉടമസ്ഥര്‍ക്കു ലഭിക്കും. ഇതുപോലെ പല രീതികളുണ്ട്. പക്ഷെ, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു നേരിട്ടുള്ള കരാര്‍ സമ്പ്രദായമാണെന്നാണു തോന്നുന്നത്.

ഇങ്ങനെ കേന്ദ്രസര്‍ക്കാരിന് 6 ലക്ഷം കോടി രൂപ മുന്‍കൂറായി നല്‍കാന്‍ പോകുന്ന മുതലാളിമാര്‍ക്ക് ഇതിനുള്ള പണം എവിടെനിന്നും ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തില്‍ നിന്നാകാം. ബാക്കി ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതാണ്. ബാങ്കുകളില്‍ നിന്നും ഭീമമായ തുക സര്‍ക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടില്‍ വായ്പയെടുത്ത് സര്‍ക്കാരിനു കൊടുക്കുന്നു. അവസാനം സ്വത്ത് പ്രയോഗത്തില്‍ അവരുടേതാകുന്നു.

ഇതു സര്‍ക്കാരിനും ചെയ്യാമല്ലോ. സര്‍ക്കാരിനു ബാങ്കില്‍ നിന്നും വായ്പയെടുത്ത് പശ്ചാത്തലസൗകര്യ നിക്ഷേപം നടത്താം. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ കണക്ക് എഴുത്തില്‍ ചില അസൗകര്യങ്ങളുണ്ടാകും. സര്‍ക്കാരിന്റെ ബജറ്റില്‍ ഇതു സര്‍ക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവര്‍ പിണങ്ങിയാല്‍ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാല്‍ സ്വകാര്യ സംരംഭകര്‍ വായ്പയെടുത്തു സര്‍ക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം.

ഇന്നത്തെ ബിജെപി സര്‍ക്കാരിന്റെ വികസനതന്ത്രം ഇതാണ്. വിദേശമൂലധനത്തെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ച് സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂട്ടുക. അതിനുവേണ്ടി എന്തെല്ലാം നിബന്ധന പാലിക്കണമോ അതെല്ലാം രാജാവിനേക്കാള്‍ കൂടുതല്‍ രാജഭക്തിയോടെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇന്ത്യന്‍ മുതലാളിമാര്‍ക്കും വളരെ സന്തോഷമാണ്. പൊതുമേഖല കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളില്‍ വന്നുചേരുകയാണ്. നിയോലിബറല്‍ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മൂലധനക്കൊള്ളയുടെ ഏറ്റവും വികൃതമായ മുഖമാണ് ബിജെപി സര്‍ക്കാര്‍.

Next Story

RELATED STORIES

Share it