Latest News

കുമ്പളവും ഉര്‍ദുവും തമ്മില്‍ എന്താണ് ബന്ധം ?

ഇന്ന് എഴുപതോളം ഉര്‍ദു ഭാഷാ അധ്യാപകരാണ് കോഡൂരിലുള്ളത്

കുമ്പളവും ഉര്‍ദുവും തമ്മില്‍ എന്താണ് ബന്ധം ?
X

ലപ്പുറം ടൗണിനടുത്തുള്ള കോഡൂരിലെ കുമ്പളകൃഷിക്ക് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട്. കോഡൂരിലെ പാടത്ത് വിളഞ്ഞ കുമ്പളം വണ്ടികയറി നാട്ടുവഴികളിലൂടെ, കല്‍ക്കരി തീവണ്ടിയിലൂടെ യാത്രചെയ്ത് എത്തിയത് ഉത്തരേന്ത്യയില്‍ ആഗ്രാ പേഡ നിര്‍മിക്കുന്ന മധുര പലഹാര നിര്‍മാണ കേന്ദ്രങ്ങളിലായിരുന്നു. കോഡൂര്‍ കുമ്പളം പഞ്ചസാരയും കുങ്കുപ്പൂവും മറ്റ് സുഗന്ധ വസ്തുക്കളും ചേര്‍ന്ന മിശ്രിതത്തില്‍ മുങ്ങിക്കുളിച്ച് തനി ഉത്തരേന്ത്യക്കാരിയായി ബേക്കറികളിലെ സ്ഫടിക ഭരണികളില്‍ നിറഞ്ഞികിടന്നു. ആഗ്രാ പേഡ എന്ന ആ വിഭവം ലോകപ്രശസ്തമായി. ആഗ്രാ പേഡക്കുള്ള കുമ്പളം കൃഷി ചെയ്ത കോഡൂരിനെ അയല്‍ നാട്ടുകാര്‍ അല്‍പ്പം അസൂയയോടെ കുമ്പളങ്ങാ കോഡൂര്‍ എന്ന് വിളിച്ച് തുടങ്ങി.


ആഗ്ര പേഡ ഉണ്ടാക്കാന്‍ ഏറ്റവും നല്ലത് കോഡൂരില്‍ വിളയുന്ന കുമ്പളമാണെന്ന് ഉത്തരേന്ത്യയിലെ വ്യാപാരികള്‍ തിരിച്ചറിഞ്ഞതോടെ കോഡൂര്‍ കുമ്പളത്തിന്റെ പ്രശസ്തി വ്യാപിച്ചു. ഉര്‍ദു പറയുന്ന ഉത്തരേന്ത്യന്‍ വ്യാപാരികള്‍ നീളന്‍ കുര്‍ത്തയും തൊപ്പിയും ധരിച്ച് കോഡൂരിലെ വയലുകളിലെത്തി കുമ്പളം മൊത്ത വില പറഞ്ഞ് കയറ്റിക്കൊണ്ടു പോകാന്‍ തുടങ്ങി. മലയാളം മാത്രമറിയുന്ന കോഡൂരുകാര്‍ക്കും ഉര്‍ദുവും ഹിന്ദിയും പറയുന്ന ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്കുമിടയില്‍ ഭാഷ ഒരു വില്ലനായി വിലങ്ങടിച്ചു നിന്നു.


ആവശ്യക്കാര്‍ കൂടിയതോടെ കുമ്പളങ്ങ കൃഷിയും വ്യാപകമായി. വ്യാപാരികളോട് വില പേശി പിടിച്ചുനില്‍ക്കാന്‍ ഉര്‍ദു ഭാഷാ പ്രാവീണ്യം കൂടിയേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ കോഡൂരിലെ കര്‍ഷകര്‍ ഉര്‍ദു പഠിക്കാന്‍ തീരുമാനിച്ചു. 1970ല്‍ കെ വി മൊയ്തീന്‍, എന്‍ മൊയ്തീന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കശ്കശാന്‍ (ആകാശഗംഗ) എന്ന പേരില്‍ കോഡൂരില്‍ സ്‌പോക്കണ്‍ ഉര്‍ദു കോളേജ് ആരംഭിച്ചു. മലപ്പുറം ഗവ. മോഡല്‍ ഹൈസ്‌കൂളിലെ അധ്യാപകനും പ്രശസ്തനായ ഉര്‍ദു കവിയുമായിരുന്ന എസ് എം സര്‍വര്‍ സാഹിബിന്റെ ശിഷ്യന്മാരായിരുന്നു ഇവര്‍. പിന്നീട് ഉര്‍ദു ലവേഴ്‌സ് അസോസിയേഷന്‍, കോഡൂര്‍ ഉര്‍ദു ഡവലപ്‌മെന്റ് അസോസിയേഷന്‍ എന്നിവ രൂപവത്കരിച്ച് ഗ്രന്ഥശാലയും ഉര്‍ദു കോളേജും ആരംഭിച്ചു. കര്‍ഷകരുടെ ഉര്‍ദു പഠനം അവരുടെ മക്കളും പേരമക്കളും ഏറ്റെടുത്തു. അത് സര്‍ക്കാര്‍ ഉദ്യോഗത്തിലേക്കുള്ള വഴി കൂടിയായി മാറി.


എസ്‌സിഇആര്‍ടി ഉര്‍ദു റിസര്‍ച്ച് ഓഫീസറായി വിരമിച്ച കോഡൂര്‍കാരനായ എന്‍ മൊയ്തീന്‍ കുട്ടി മാസ്റ്ററാണ് ഉര്‍ദു ഇവിടെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. വരിക്കോട് അദ്ദേഹം ആരംഭിച്ച സൗജന്യ ഉര്‍ദു സാക്ഷരതാ ക്ലാസില്‍ കര്‍ഷകരടക്കം നൂറുകണക്കിന് പേര്‍ പഠിതാക്കളായി. പ്രദേശത്തെ യു പി സ്‌കൂളില്‍ വൈകുന്നേരമായിരുന്നു പഠനം. ഉര്‍ദു അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി അദ്ദേഹം മലപ്പുറത്ത് എലൈറ്റ് ഉര്‍ദു കോളജും സ്ഥാപിച്ചു.


ഇന്ന് എഴുപതോളം ഉര്‍ദു ഭാഷാ അധ്യാപകരാണ് കോഡൂരിലുള്ളത്. അവരില്‍ മലപ്പുറം ഗവ. കോളേജ് മുന്‍ ഉര്‍ദു വിഭാഗം മേധാവി ഡോ. പി കെ അബൂബക്കറിനെപ്പോലെ പ്രശസ്തരുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി കേന്ദ്ര സര്‍വകലാശാലകളില്‍ ഉറുദുവില്‍ ഗവേഷണം നടത്തുന്നു. ഉറുദു ഭാഷാ പ്രേമം കോഡൂരിലെ കുട്ടികള്‍ക്ക് പേരിടുന്നതിലും വീട്ടുപേരിലും വരെ പ്രകടമാണ്. ഗുലുസ്ഥാന്‍, ആദാം, ആഷിയാന, നസീമന്‍, ഗുല്‍സന്‍ തുടങ്ങി ഉര്‍ദു പേരുള്ള വീടുകള്‍ ഇവിടെയുണ്ട്. നാട്ടിലെ ബസ് സ്റ്റോപ്പിന്റെ പേരും കോഡൂരുകാര്‍ ഉര്‍ദുവിലാക്കി. ഉര്‍ദു നഗര്‍ ബസ് സ്‌റ്റോപ്പ് എന്ന് സ്ഥലപ്പേരും നല്‍കി.


കാലമേറെ കഴിഞ്ഞതോടെ കോഡൂരിലെ പാടങ്ങളിലേക്ക് ആഗ്രാ പേഡക്കായി കുമ്പളങ്ങ തേടി ആരും വരാതായി. കുമ്പളങ്ങ കൃഷിയേക്കാള്‍ ലാഭമുള്ള മറ്റു പലതിലേക്കും കോഡൂരുകാരും വഴിമാറിപ്പോയി. അപ്പോഴും കോഡൂരുകാര്‍ ചേര്‍ത്ത് പിടിക്കുന്ന ഒന്നുണ്ട്, മധുരമൂറുന്ന ആഗ്ര പേഡയെക്കാള്‍ മധുരമുള്ള ഒരു ഭാഷ. ഗസലിന്റെ വാനലോകത്ത് സ്വപ്‌നങ്ങളുടെ വെള്ളിപ്പറവകളെ പറത്തിവിടുന്ന ഉര്‍ദു ഭാഷ.


Next Story

RELATED STORIES

Share it