Latest News

പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യം മുസ്‌ലിം വംശീയ ഉന്മൂലനം: വെല്‍ഫെയര്‍ പാര്‍ട്ടി

പൗരത്വ ബില്ലിനെയും എന്‍.ആര്‍.സിയെയും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ചെറുക്കണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സംഘ് ഫാഷിസത്തിനെതിരെ വിശാല ജനാധിപത്യ ചേരി കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.

പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യം മുസ്‌ലിം വംശീയ ഉന്മൂലനം: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള സംഘ്പരിവാര്‍ പദ്ധതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്ത് മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കും എന്ന അമിത് ഷായുടെ പ്രസ്താവനകള്‍ ഇതിനെ ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരേ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ വിവേചനങ്ങളേയും നിയമ വിധേയമാക്കുന്നു എന്ന വലിയ അപകടം കൂടി ഇതിനു പിന്നിലുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത ഇന്ത്യന്‍ പൗരത്വം മത-ജാതി-ലിംഗ പരിഗണനകള്‍ക്കതീതമാണ്.

എന്നാല്‍, മുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല എന്ന ഭേദഗതിയിലൂടെ പൗരത്വത്തിന്റെ ഭരണഘടന വിവക്ഷയെ ആണ് അമിത്ഷായും കൂട്ടരും ചോദ്യം ചെയ്തിരിക്കുന്നത്. ഫലത്തില്‍ ഭരണഘടന റദ്ദ് ചെയ്യപ്പെടുകയാണ്. ഇന്ത്യാ വിഭജന കാലത്തെ അതി രൂക്ഷമായ വിഭാഗീയ സംഘര്‍ഷങ്ങളിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത് .

ഇത് തിരിച്ചറിഞ്ഞ് പൗരത്വ ബില്ലിനെയും എന്‍.ആര്‍.സിയെയും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ചെറുക്കണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സംഘ് ഫാഷിസത്തിനെതിരെ വിശാല ജനാധിപത്യ ചേരി കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. വന്‍ ബഹുജന പ്രക്ഷോഭം ഉയര്‍ത്താന്‍ ഇതനിവാര്യമാണ്. ഈ ദിശയില്‍ മുഴുവന്‍ ഫാഷിസ്റ്റ് വിരുദ്ധ മനസ്സുള്ളവരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍കയ്യെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it