Latest News

ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം; ഒരിടത്തുമെത്താതെ ഗുജറാത്ത് പോലിസ്

മാതാപിതാക്കളുടെ ഏഴ് മക്കളില്‍ ഒരാളായിരുന്നു അവള്‍. പഠിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. കുടുംബത്തില്‍ പഠിക്കാന്‍ പോയിരുന്ന ഏക ആള്‍. അവള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു കഴിഞ്ഞു. അവളെ രക്ഷിക്കാനുള്ള ഒരു ശ്രമവും ആരും നടത്തിയില്ല.

ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം; ഒരിടത്തുമെത്താതെ ഗുജറാത്ത് പോലിസ്
X

മൊദാസ: ഗുജറാത്തിലെ അര്‍വല്ലി ജില്ലയില്‍ മൊദാസ താലൂക്കില്‍ ജനുവരി അഞ്ചിനാണ് ചമാര്‍ ജാതിയില്‍ പെട്ട 19 വയസ്സുളള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അവള്‍ ഗ്രാമത്തിലേക്കുള്ള കവാടത്തിലുള്ള ആലിന്റെ കൊമ്പില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. അതിനേക്കാള്‍ അഞ്ച് ദിവസം മുമ്പാണ് അവളെ കാണാതായത്. പോലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ ഇപ്പോഴും പുറത്ത് സൈ്വര്യ വിഹാരം നടത്തുന്നു.

ജനുവരി ഒന്നിനാണ് പെണ്‍കുട്ടി ഒരു കോഴ്‌സില്‍ ചേരുന്നതിനുവേണ്ടി വീട്ടില്‍ നിന്ന് പോയത്. രണ്ടു ദിവസം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. പോലിസിന്റെ പ്രതികരണം വിചിത്രമായിരുന്നു. അവള്‍ മറ്റൊരു ജാതിക്കാരനുമായി വിവാഹം കഴിച്ചുവെന്നും തിരിച്ചുവരുമെന്നും റബാരി ജാതിയില്‍ പെട്ട സ്റ്റേഷനിലെ എസ് ഐ പറഞ്ഞു. അയാള്‍ക്ക് നേരി്ട്ട് വിവരങ്ങള്‍ അറിയാമെന്ന രീതിയിലായിരുന്നു പ്രതികരണം. അതുകൊണ്ടു തന്നെ എത്ര പറഞ്ഞിട്ടും പോലിസ് അന്വേഷിക്കാന്‍ തയ്യാറായില്ല. അഞ്ചാം തിയ്യതി അവളുടെ മൃതദേഹം കാണും വരെ അവര്‍ പഴയ തിയറിയില്‍ ഉറച്ചുനിന്നു.

പെണ്‍കുട്ടിയെ ഏതാനും പേര്‍ ചേര്‍ന്ന് ഒരു കാറില്‍ കയറ്റുന്നത് ഇരയായ പെണ്‍കുട്ടിയുടെ സഹോദരി കണ്ടിരുന്നു. അതവള്‍ പോലിസില്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതുപ്രകാരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താമായിരുന്നു.

മാത്രമല്ല, സ്റ്റേഷന്‍ എസ്‌ഐ കുടുംബക്കാരെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.

മരണം നടന്നിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കേസെടുക്കാതെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ കേസെടുത്തു.

പക്ഷേ, പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു പരിക്കുണ്ടെന്ന കാര്യം മാത്രമേ പറഞ്ഞിരുന്നുള്ള. മലദ്വാരത്തില്‍ വീക്കമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആ വിവരത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ പോലിസ് തയ്യാറായില്ല. ഒടുവില്‍ അഞ്ച് പേര്‍ അടങ്ങുന്ന സംഘം നടത്തിയ രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അതു പ്രകാരം പെണ്‍കുട്ടിയുടെ മലദ്വാരം തകര്‍ന്നിട്ടുണ്ട്. നാലിടത്തുകൂടെ ശരീരത്തില്‍ പരിക്കുകളുണ്ട്. കടുത്ത ലൈംഗിക പീഡനത്തിന് വിധേയമായിട്ടുണ്ട്.

ഇപ്പോള്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈയിലാണ്. വീട്ടുകാരെ അപമാനിച്ച എന്‍ കെ റബാരി സസ്‌പെന്‍ഷനിലാണ്. അയാള്‍ക്കെതിരേ അന്വേഷണം നടക്കുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടിയിട്ടില്ല.

ഗ്രാമത്തിലെ ചമര്‍ സമുദായത്തില്‍ പെട്ട നാലു കുടുംബങ്ങളാണ് ഉള്ളത്. പട്ടേല്‍, താക്കൂര്‍, ദര്‍ബാര്‍, റബാരി, പഞ്ചാല്‍ വിഭാഗക്കാരാണ് മറ്റുള്ളവര്‍. മറ്റൊരു പട്ടികജാതിക്കാരനായ വങ്കര്‍ സമുദായത്തിന്റെ ഏതാനും ഡസന്‍ വീടുകളും ഇവിടെയുണ്ട്.

മാതാപിതാക്കളുടെ ഏഴ് മക്കളില്‍ ഒരാളായിരുന്നു അവള്‍. പഠിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. കുടുംബത്തില്‍ പഠിക്കാന്‍ പോയിരുന്ന ഏക ആള്‍. അവള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു കഴിഞ്ഞു. അവളെ രക്ഷിക്കാനുള്ള ഒരു ശ്രമവും ആരും നടത്തിയില്ല.

Next Story

RELATED STORIES

Share it