Latest News

ജില്ലയില്‍ പോക്‌സോ കേസുകളും കുട്ടികളിലെ ലഹരി ഉപയോഗവും വര്‍ധിക്കുന്നതിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ച: എസ്ഡിപിഐ

ജില്ലയില്‍ പോക്‌സോ കേസുകളും കുട്ടികളിലെ ലഹരി ഉപയോഗവും വര്‍ധിക്കുന്നതിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ച: എസ്ഡിപിഐ
X

പത്തനംതിട്ട: ജില്ലയില്‍ പോക്‌സോ കേസുകളുടെ എണ്ണവും കുട്ടികളിലെ ലഹരി ഉപയോഗവും ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുധീര്‍ കോന്നി പറഞ്ഞു. 2024ല്‍ പത്തനംതിട്ട ജില്ലയില്‍ 188 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ പീഡനത്തിന് ഇരയാവുന്നത് വര്‍ധിക്കുമ്പോഴും കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണ്. കുട്ടികളുമായി ദൈനംദിന ഇടപെടലുകള്‍ നടത്തുന്ന സ്‌കൂള്‍തലത്തില്‍ കൗണ്‍സിലിങ്ങിന് ഉള്‍പ്പെടെ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇടപെടലുകള്‍ ഫലപ്രദമല്ല.

പീഡനങ്ങള്‍ക്കും ലഹരിക്കും അടിമപ്പെടുന്ന കുട്ടികളുടെ എണ്ണവും ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ സ്വഭാവമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തെറ്റുകളില്‍ നിന്നും അവരെ തിരുത്താനായി പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ നിര്‍ജീവമാണ്. വാര്‍ഡ് തലത്തില്‍ വരെ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പല പഞ്ചായത്ത് അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും അറിയുകപോലുമില്ല. സ്‌കൂളുകള്‍ക്ക് മുന്നില്‍ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും പൂവാലന്മാരും തമ്പടിക്കുന്നത് നിരീക്ഷിക്കേണ്ട ചുമതലയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ക്കാണ്.

സ്‌കൂള്‍തലങ്ങളില്‍ ലഹരിയുടെ ലഭ്യത തടയാനുള്ള സംവിധാനങ്ങള്‍ നിലവിലില്ല. ജില്ലയിലെ ഒട്ടനവധി സ്‌കൂളുകളും ലഹരി മാഫിയയുടെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പോലീസ്, എക്‌സൈസ് വകുപ്പുകളെ ഏകോപിപ്പിച്ച് ലഹരിമാഫിയക്ക് തടയിടാനുള്ള ചുമതല ബന്ധപ്പെട്ട സമിതികള്‍ക്ക് ഉണ്ടെങ്കിലും അതിനും നടപടിയില്ല. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികളിലും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം വ്യാപകമാണ്.

തെറ്റുകളിലേക്ക് പോവുന്ന കുട്ടികളെ കണ്ടെത്തിയാല്‍ വിവരങ്ങള്‍ തേടി അവരെ സംരക്ഷിക്കേണ്ടത് ജില്ലാതലത്തിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളാണ്. ജുഡീഷ്യല്‍ അധികാരമുള്ള കമ്മിറ്റിയില്‍ ഏറെയും അഭിഭാഷകരും പൊതുപ്രവര്‍ത്തകരും ആണ്. ഇത്രയേറെ അധികാരമുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനവും സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it