മാരേക്കാട് കടവില്‍ സന്ദര്‍ശക പ്രവാഹം

മാള: പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും മാനസികോല്ലാസത്തിനുമായി സായാഹ്നങ്ങളില്‍ മാരേക്കാട് കടവില്‍ ദിവസവും എത്തുന്നത് നൂറുകണക്കിന് സന്ദര്‍ശകര്‍. നീര്‍പക്ഷികളുടെ പറുദീസയായ മാരേക്കാട് പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കരിങ്ങോള്‍ചിറ വരെ നീളുന്ന ചാലിലൂടെയുള്ള യാത്ര അവിസ്മരണീയമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. താമരക്കോഴി, കരിന്തലയന്‍ ഐബീസ് ഇനത്തില്‍ പെട്ട കൊക്കുകള്‍, വെള്ളരി കൊക്കുകള്‍, താറാവ് എരണ്ടകള്‍, കല്ലന്‍ എരണ്ടകള്‍, നീര്‍ക്കാക്ക, കുളക്കോഴികള്‍ തുടങ്ങിയ നീര്‍പക്ഷികളെ ഇവിടെ നിത്യവും കാണാം. വംശനാശ ഭീഷണി നേരിടുന്ന വര്‍ണ്ണക്കൊക്ക്, ചേരക്കോഴി, ചട്ടുക കൊക്ക്, പുളിച്ചുണ്ടന്‍ കൊതുമ്പന്നം, ആളകള്‍, പച്ചഇരണ്ട എന്നീ പക്ഷികളും ഇവിടെ വിരുന്നിനിനെത്താറുണ്ട്. മഞ്ഞുകാലത്ത് വിദൂര ദേശങ്ങളില്‍ നിന്ന് പലതരം ദേശാടന പക്ഷികളും ഇവിടെ പറന്നെത്തും.
മാരേക്കാട് കടവ് വഴിയാണ് ആറ് പതിറ്റാണ്ട് മുന്‍പ് വരെ ഈ പ്രദേശത്ത് നിന്ന് കച്ചവടക്കാര്‍ ചരക്കുകള്‍ കോട്ടപ്പുറം ചന്തയിലേക്ക് വില്‍പ്പനക്കായി കൊണ്ട് പോയിരുന്നത്. കോട്ടപ്പുറം ചന്തയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ മാരേക്കാട് ചാല്‍ വഴിയാണ് കൊണ്ടു വന്നിരുന്നത്. പണ്ട് ജാതിക്കയും ജാതിപത്രിയും തേങ്ങയും കൊള്ളിയും ഏത്തക്കയും ചേമ്പും ചേനയുമെല്ലാം വില്‍പ്പനക്കായി എത്തിച്ചിരുന്നത് കോട്ടപ്പുറം ചന്തയിലായിരുന്നു. അവിടെ നിന്ന് അരി, പഞ്ചസാര, തേയില, ശര്‍ക്കര, മുളക്, മല്ലി, സോപ്പ് തുടങ്ങിയ ആവശ്യ സാധനങ്ങളെല്ലാം തിരികെ കൊണ്ട് വന്നിരുന്നു. മാരേക്കാട് കടവില്‍ നിന്ന് കരിങ്ങോള്‍ചിറ വഴി കോട്ടപ്പുറത്തേക്കുള്ള ജലപാതയിലൂടെ അനേകം യാത്രാ വഞ്ചിളായിരുന്നു നിത്യേന സഞ്ചരിച്ചിരുന്നത്. പിന്നീട് കരമാര്‍ഗം ഗതാഗത സൗകര്യങ്ങള്‍ വികസിച്ചതോടെ കടവും ചാലും വഴിയുള്ള യാത്രകള്‍ നിലച്ചു. എങ്കിലും ചാലിന്റെ ഇരു കരകളിലും നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പാടശേഖരങ്ങളും വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളില്‍ നീന്തിതുടിക്കുന്ന നീര്‍പക്ഷികളും ചാലില്‍ വിരിഞ്ഞ് നില്‍ക്കുന്ന ആമ്പല്‍ ചെടികളും പകരുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനായി പലരും പിന്നെയും ചെറുവഞ്ചികളില്‍ ചാലിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.
മാരേക്കാട് ചാലിലൂടെ ഉല്ലാസ ജലയാത്രക്ക് അവസരമൊരുക്കുന്നതിനായി വിനോദ സഞ്ചാര വികസന പദ്ധതിയില്‍ മാരേക്കാട് ചാലിനെ ഉള്‍പ്പെടുത്തണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് നേരെ ബന്ധപ്പെട്ട അധികൃതര്‍ കണ്ണടക്കുകയാണ്. മാരേക്കാട് കടവിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കടവോരത്ത് ഒരു പൈതൃക പാര്‍ക്കും വിശ്രമകേന്ദ്രവും ഓപണ്‍ സ്‌റ്റേജും ആരംഭിക്കണമെന്നാണ് പൈതൃക സ്‌നേഹികള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആറ് പതിറ്റാണ്ട് മുന്‍പ് വരെ വഞ്ചികളുടെ സഞ്ചാരത്താല്‍ സജീവമായിരുന്ന പുരാതനമായ മാരേക്കാട് കടവിന്റെ വികസനം പ്രദശവാസികളുടെ ചിരകാല സ്വപ്നമാണ്. മാരേക്കാട് കടവ് കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വികസന സാദ്ധ്യതകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പലവട്ടം പെടുത്തിയെങ്കിലും പദ്ധതികളൊന്നും ഇതുവരെ യാഥാര്‍ത്ഥ്യമാക്കിയിട്ടില്ല.
മാരേക്കാട് കടവ് വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുസിരിസ് പൈതൃക പദ്ധതിയിലോ ടൂറിസം വികസന പദ്ധതിയിലോ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായിതിനെ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
RELATED STORIES
ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്...
19 May 2022 10:33 AM GMTവാഹനാപകട കേസ്;നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ...
19 May 2022 10:02 AM GMTപഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMT