Top

മലയാളിയുടെ ഭാഷയും ഭാഷയുടെ മരണവും

വിവരസാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായ കുതിക്കലുകൾ വായനയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള സാമ്പ്രദായിക സങ്കല്പങ്ങളൊക്കെയും മാറ്റി മറിക്കുകയായിരുന്നു. ലാവണ്യബോധത്തിലും യുക്തിബോധത്തിലും അതുവരുത്തിയ മാറ്റങ്ങൾ വേറെ.

മലയാളിയുടെ ഭാഷയും ഭാഷയുടെ മരണവും

വിശാഖ് ശങ്കര്‍

ലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയ നൂറ്റാണ്ടിന്റെ, 21ആം നൂറ്റാണ്ടിന്റെ തുടക്കം ആശങ്കകളാൽ നിറഞ്ഞതായിരുന്നു എന്ന് പൊതുവിൽ പറയാം. വായന മരിക്കുന്നു എന്ന് തുടങ്ങി ഭാഷ മരിക്കുന്നു എന്നതുവരെ അത് നീണ്ടിരുന്നു.അവാസ്തവമോ, സ്ഥൂലീകൃതമോ ആയ ആധികളായിരുന്നില്ല അവ എന്നതും വ്യക്തം. കാരണം ആ ആശങ്കകൾ സാധുവായിരുന്നു എന്ന് മാത്രമല്ല, അവയ്ക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു.

വായന മരിക്കുന്നു എന്ന ആശങ്ക പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടാവാൻ പല കാരണങ്ങളുണ്ട്.മലയാളിയുടെ വായന എന്ന് പറയുന്നത് ഏറിയ പങ്കും സാഹിത്യമാണല്ലോ. അതിൽ കവിതയുടെ ജനപ്രിയത ക്രമാനുഗതമായി കുറഞ്ഞുവന്നത് അങ്ങനെ തന്നെ തുടർന്നു.എന്നാൽ പാട്ട് കവിത എന്ന പുതിയൊരു വിഭാഗം കടലാസിന്റെയും അച്ചടി മാദ്ധ്യമങ്ങളുടെയും സഹായം കൂടാതെ തന്നെ സ്വയം ഒരു മാർക്കറ്റ് കണ്ടെത്തി മുമ്പോട്ട് പോവുകയും ചെയ്തു.

മധുസൂദനൻ നായരുടെ കവിതകൾ, ഓ എൻ വി കവിതകളൊക്കെ കാസറ്റിലാക്കി കച്ചവടം ചെയ്യുന്ന പതിവു തൊണ്ണുറുകളിലേ തുടങ്ങിയിരുന്നു. ആ പരമ്പര മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനുമൊക്കെയായി തുടർന്നുപോയി. ഗ്രീക്ക് ചിന്തകനായ ലോഞ്ചിനസിന്റെ കാലത്തോളമെങ്കിലും പഴക്കമുള്ള ഒരു തർക്കമാണു കവിതക്ക് താളം അഥാവാ മീറ്റർ ഒരു അലങ്കാരമാണൊ, അതോ വൃത്തമതിന്റെ ജൈവ സത്തയാണൊ എന്ന തർക്കം. ഗ്രീക്ക് ചിന്തകനായ ലോഞ്ചിനസ് കവിത സബ്ളൈം അഥവാ ഉദാത്തമായി തീരുന്നത് കേവലം വൃത്തം കൊണ്ടല്ല എന്ന് അന്ന് അദ്ദേഹം പറഞ്ഞതുമുതൽ പലവട്ടം തീർപ്പ് കല്പിക്കപ്പെട്ടു എന്ന പ്രതീതി ജനിപ്പിക്കപ്പെട്ടിട്ടും പിന്നെയും തുടർന്ന ചർച്ച. ആധുനിക കവിത അതൊനൊരു വിരാമമിട്ടു എന്ന് കരുതി.

മലയാളത്തിന്റെ ആധുനിക കവിത്രയം പക്ഷേ വൃത്തത്തിൽ തന്നെയാണു കവിതാ രചന നടത്തി പോന്നത്.പിന്നെയും പുഴ കുറേ ഒഴുകി ഒടുവിൽ പണിക്കരും, സചിദാനന്ദനും, കെ ജി എസും, ബാലചന്ദ്രനും, അയ്യപ്പനുമൊക്കെ ചേർന്നാണു ആ ഭാവുകത്വത്തിനൊരു മാറ്റം സാധ്യമാക്കിയത്. എന്നാൽ ആ വഴിയിൽ തുടർന്ന പുതുകവികളാവട്ടെ തങ്ങളുടെ കവിതയുടെ വായനയ്ക്ക് ചെറു കൂട്ടങ്ങളെ ആശ്രയിക്കുന്ന, അവയെ തന്നെ നിലനിർത്താൻ ചൊൽക്കാഴ്ച, അഭിനയാവതരണം പോലെ മൾടിപ്പിൾ സ്കില്ലുകൾ അവലംബിച്ചുള്ള മാർഗ്ഗങ്ങൾ തിരയേണ്ട അവസ്ഥയിലുമായി.

പത്രാധിപന്മാർ കവിതയെങ്കിൽ കഴിവതും ബുദ്ധിമുട്ടികരുത്, പ്ളീസ് എന്ന് പറഞ്ഞിരുന്ന ആ കാലത്തും ഗദ്യ സാഹിത്യത്തിനവിടെ മാർക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ നോവൽ, ചെറുകഥാ രംഗം ഒരു തലമുറ മാറ്റം ആവശ്യപ്പെടുന്ന അവസ്ഥയിലായിരുന്നു. അല്ലാത്ത തരം ലേഖനങ്ങളാകട്ടെ മല്ലു ഉത്തരാധുനികതയുടെ ആശയേതരമായ ചില വ്യാജസങ്കീർണ്ണതകളിൽ പെട്ട് കിടക്കുന്ന കാലവും. വായന മരിക്കുമെന്ന ആശങ്ക തോന്നിയാൽ അതിൽ തെറ്റില്ല. എന്നാൽ അത് വെറുതേ അങ്ങ് സംഭവിച്ചതല്ല എന്നും വ്യക്തം.

ഇതിന്റെ ഒരു വലിച്ചുനീട്ടലായി ഭാഷയേ മരിക്കുന്നു എന്ന തോന്നൽ ഉണ്ടായത് പക്ഷേ ഭാഷാ സാഹിത്യബന്ധിയായി അല്ലെന്ന് തോന്നുന്നു. അതിനുകാരണം മലയാളം മീഡിയം സ്കൂളുകൾ ലാഭകരമല്ല എന്ന കാരണത്താൽ അടച്ചുപൂട്ടൽ ഭീഷണിയെ നേരിട്ടിരുന്നു എന്നതുകൊണ്ട് കൂടിയാവാം. അറിവിന്റെ എല്ലാ മേഘലകളിലും ഉപയുക്തതാവാദം വ്യാപിച്ചതിന്റെ ഭാഗമായി ഭാഷയിലും അത് സംഭവിച്ചു. മലയാളം പഠിച്ചതുകൊണ്ട് എന്തുപകാരം എന്ന ചോദ്യം ഉയർന്നുവന്നു.

അതിന്റെ ശരിതെറ്റുകളല്ല ഇവിടെ ചർച്ചാ വിഷയം.മറിച്ച്, ആ അവസ്ഥ എങ്ങനെ മാറി എന്നതാണു. 2019 ആയിട്ടും മലയാളം മരിച്ചൊന്നുമില്ല.മറിച്ച് "ആടുജീവിതം" എന്ന നോവൽ മുതൽ "സഖാവ്" എന്ന കവിതവരെയായി വായന പുനർജനിച്ചു. മലയാളം മീഡിയം സ്കൂളുകൾ പറ്റെ അങ്ങ് പൂട്ടിപ്പോയൊന്നുമില്ല എന്ന് മാത്രമല്ല, വിവരസാങ്കേതിക വിദ്യയുടെ പ്രചാരത്തിന്റെ ഭാഗമായി മലയാളത്തിനു മംഗ്ളിഷ് എന്ന ഒരു വകഭേദത്തെ ലഭിക്കുകയും ചെയ്തു.

ഇത് മലയളത്തിനു ലഭിച്ചതല്ല, ഇംഗ്ളിഷിനു ലഭിച്ചതാണെന്ന് വേണമെങ്കിൽ വാദിക്കാം.പക്ഷേ മംഗ്ളിഷിൽ ലിപി മാത്രമാണിംഗ്ളിഷിൽ. ആശയവും ആക്സന്റും, സിന്റാക്സും ഒക്കെ മലയാളമാണു. അതുകൊണ്ട് മംഗ്ളിഷ് വഴി മലയാളം പുതിയൊരു ലിപി നേടുകയായിരുന്നു, ആംഗലം പുതിയൊരു അർത്ഥം നേടുകയായിരുന്നില്ല.ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം മലയാളത്തിനോട് പ്രത്യേകിച്ച് ഒരു പ്രതിപത്തിയും പുലർത്താത്ത എൻ ആർ ഐ സമൂഹം എന്ന സാമാന്യവൽക്കരണം തകർന്നു എന്നതുകൂടിയാവും.

വിവരസാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായ കുതിക്കലുകൾ വായനയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള സാമ്പ്രദായിക സങ്കല്പങ്ങളൊക്കെയും മാറ്റി മറിക്കുകയായിരുന്നു. ലാവണ്യബോധത്തിലും യുക്തിബോധത്തിലും അതുവരുത്തിയ മാറ്റങ്ങൾ വേറെ.


Next Story

RELATED STORIES

Share it