Latest News

ജാതി ഭീകരത കോമഡി; ഇനിയും പാടും; എന്‍ ആര്‍ മധുവിന്റെ മതവിദ്വേഷ പരാമര്‍ശത്തില്‍ വേടന്‍

ജാതി ഭീകരത കോമഡി; ഇനിയും പാടും; എന്‍ ആര്‍ മധുവിന്റെ മതവിദ്വേഷ പരാമര്‍ശത്തില്‍ വേടന്‍
X

കൊച്ചി: ആര്‍എസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എന്‍ ആര്‍ മധുവിന്റെ മതവിദ്വേഷ പരാമര്‍ശത്തിനു മറുപടിയുമായി റാപര്‍ ഗായകന്‍ വേടന്‍. ജാതി ഭീകരതയെന്നത് കോമഡിയാണെന്നും തനിക്കിനിയും അമ്പലങ്ങളില്‍ അവസരം ലഭിക്കുമെന്നും ഇനിയും പാടുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'പുള്ളിക്കാരന്‍ പറഞ്ഞത് പുള്ളിയുടെ അഭിപ്രായം. ഞാന്‍ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. എന്റെ രാഷ്ട്രീയം സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കറുടേത്' വേടന്‍ പറഞ്ഞു. ജാതി ഭീകരത എന്നു പറയുന്നതിനോടുള്ള അഭിപ്രായമെന്താണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ കോമഡിയല്ലേ എന്നായിരുന്നു മറുപടി.

കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിക്കിടെയാണ് സംഘപരിവാര്‍ മാസികയായ കേസരിയുടെ മുഖ്യപത്രാധിപനായ എന്‍ ആര്‍ മധു റാപര്‍ വേടനെതിരേ മത വിദ്വേഷ പരാമര്‍ശം നടത്തിയത്. വേടന്റേത് കലയല്ല, കലാഭാസമാണ് എന്നും വേടന്റെ പാട്ട് ജാതി ഭീകരവവാദം പ്രകടിപ്പിക്കുന്ന വിഘടന വാദത്തിന്റെതാണെന്നും വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആഭാസമാണെന്നും മധു പറഞ്ഞു. വേടനെ സൂക്ഷ്മമായി പഠിച്ചാല്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണെന്നും മധു പറഞ്ഞിരുന്നു.

കൂടാതെ ചില ഭക്ഷണ പദാര്‍ഥത്തെക്കുറിച്ചും മധു വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ശവര്‍മ്മ കഴിച്ച് മരിക്കുന്നവരില്‍ ആയിഷയില്ല, മുഹമ്മദില്ല , തോമസില്ല. പക്ഷെ വര്‍മ്മയുണ്ട്. അതുകൊണ്ടാണ് അതിന് ശവര്‍മ്മ എന്നു പേരു വന്നത്. ആര്‍ത്തി മൂത്ത് പണ്ടാറടങ്ങി അതു തിന്നു ചാവുന്നവന്റെ പേരാണ് ഹിന്ദു, എന്നൊക്കെയായിരുന്നു മധുവിന്റെ പരാമര്‍ശങ്ങള്‍. ഇതിനെ തുടര്‍ന്ന് മധുവിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it