Latest News

വൈദേകം റിസോർട്ടിൽ 100 കോടി നിക്ഷേപം; ഇപി ഇനി ഇടത് കൺവീനറായി തുടരുന്നതെങ്ങനെയെന്ന് വിഡി സതീശൻ

വൈദേകം റിസോർട്ടിൽ 100 കോടി നിക്ഷേപം; ഇപി ഇനി ഇടത് കൺവീനറായി തുടരുന്നതെങ്ങനെയെന്ന് വിഡി സതീശൻ
X


തിരുവനന്തപുരം: ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നു. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപം ആ റിസോർട്ടിലുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ക്വാറി, റിസോർട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാർടിയിൽ വന്ന ആരോപണം പറഞ്ഞ് തീർക്കേണ്ടതാണോയെന്ന് ചോദിച്ച വിഡി, പാർട്ടി തന്നെ വിജിലൻസും പോലീസുമായി ആരോപണം തീർപ്പാക്കിയെന്ന് കുറ്റപ്പെടുത്തി. ഇപി എങ്ങനെ ഇനി എൽഡിഎഫ് കൺവീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.

കെഎം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാൻ വിജിലൻസ് മൂന്ന് തവണ പോയെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് സംസ്ഥാനത്തെ പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്യുന്നത് പിണറായി വിജയൻ ഇവിടെ ചെയ്യുന്നു. സജി ചെറിയാൻ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുത്തതെന്നും വിഡി സതീശൻ ചോദിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടി ജീർണിച്ചു. പട്ടിണി കിടക്കുന്നവൻ കളി കാണാൻ വരണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി. ആ മന്ത്രി എന്ത് കമ്മ്യൂണിസ്റ്റാണ്? ബംഗാളിലെ സിപിഎമ്മിനുണ്ടായ ഗതി കേരളത്തിലുണ്ടാവും. സമരത്തോട് പുച്ഛമാണ് ഇപ്പോൾ സിപിഎമ്മിന്. അഹങ്കാരവും ധാർഷ്ട്യവും ആണ് ഇവിടെ കാണുന്നത്. ഇപി ജയരാജന് എവിടെ നിന്ന് ഈ പണം കിട്ടി? കേന്ദ്ര ഏജൻസികൾ എവിടെ പോയി? ഇഡി എന്തുകൊണ്ട് ഇപിയെ തൊടുന്നില്ല? സിപിഎം - ബിജെപി ധാരണയാണ് ഇവിടെയുള്ളത്. കോൺഗ്രസ് മുക്ത ഭാരത്തിനാണ് അവരുടെ ശ്രമം. കുടകര കേസ് അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു, കശ്മീരി സ്വീറ്റിൽ ഗവർണർ മുഖ്യമന്ത്രി പോര് തീർന്നു. ഗവർണർ സർക്കാർ പോര് എന്നത് പ്രഹസനമാണ്. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. ഒന്നാം പിണറായി സർക്കാരിൻറെ അഴിമതി സ്മാരകമാണ് റിസോർട്ടെന്നും വിഡി സതീശൻ പറഞ്ഞു.

സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വിഡി സതീശൻ പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ പറഞ്ഞു. അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. അഭിപ്രായമുള്ളവർ അത് പാർട്ടിയെ അറിയിക്കണം. എല്ലാം വിവാദം ആകക്കേണ്ടതില്ല. ഏത് കോൺഗ്രസ് നേതാവിനെപ്പറ്റി ആര് നല്ലത് പറഞ്ഞാലും അഭിമാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചു.

Next Story

RELATED STORIES

Share it