Latest News

''വള്ളസദ്യയില്‍ ദേവനു മുന്‍പേ മന്ത്രിക്കു വിളമ്പി''; പരസ്യ പ്രായശ്ചിത്തം വേണമെന്ന് തന്ത്രി

വള്ളസദ്യയില്‍ ദേവനു മുന്‍പേ മന്ത്രിക്കു വിളമ്പി; പരസ്യ പ്രായശ്ചിത്തം വേണമെന്ന് തന്ത്രി
X

പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമുണ്ടായെന്നും അതിനു പരസ്യമായി പ്രായശ്ചിത്തം ചെയ്യണമെന്നും തന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുത്തിരുന്നു. വാസവനായിരുന്നു ഉദ്ഘാടനം. വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കു വിളമ്പിയെന്ന് പരാതി ഉയരുകയും ചെയ്തു. അതു ശരിവച്ചാണ് തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്.

അഷ്ടമിരോഹിണി വള്ളസദ്യ പൂര്‍ണമായും ആചാരവിരുദ്ധമായാണ് നടന്നിട്ടുള്ളതെന്നും ഗുരുതരമായ ആചാരലംഘനമാണെന്നും കത്തില്‍ പറയുന്നു. അതിനാല്‍ അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും കൈസ്ഥാനി സ്ഥാനത്തുള്ള കുടുംബങ്ങളിലെ കാരണവന്മാരും ക്ഷേത്രം തന്ത്രിയും ചേര്‍ന്ന് ദേവനു മുന്നില്‍ ഉരുളിയില്‍ എണ്ണപ്പണം സമര്‍പ്പിച്ച് വിളിച്ചുചൊല്ലി പ്രായശ്ചിത്ത പ്രാര്‍ഥന നടത്തണം.

11 പറ അരിയുടെ സദ്യയും വള്ളസദ്യയുടെ എല്ലാ വിഭവങ്ങളുമുണ്ടാക്കി ദേവനു നേദിച്ച ശേഷം എല്ലാവരും പ്രായശ്ചിത്ത പ്രാര്‍ഥനയോടെ അതു കഴിക്കണം. അതിനു ശേഷം ബന്ധപ്പെട്ടവരെല്ലാം നടയ്ക്കല്‍ ചെന്ന് ഇനി ഇത്തരം പിഴവുണ്ടാവില്ലെന്നും വള്ളസദ്യ ആചാരപരമായിത്തന്നെ നടത്താമെന്നും സത്യം ചെയ്യണമെന്നും പ്രായശ്ചിത്ത ക്രിയകളെല്ലാം പരസ്യമായിത്തന്നെ വേണമെന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it