Latest News

വടക്കാഞ്ചേരി കോഴ വിവാദം; ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്

വടക്കാഞ്ചേരി കോഴ വിവാദം; ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്
X

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍, മുസ് ലിം ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്. കൂറ് മാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായതായി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫ. ജാഫര്‍ സിപിഎമ്മിന്റെ കുതന്ത്രത്തില്‍ പെട്ടുപോയെന്നും മുസ്തഫ പറഞ്ഞു. എല്‍ഡിഎഫിന് വോട്ടു ചെയ്യാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം ജാഫര്‍ നിഷേധിച്ചിരുന്നു.

'കൂറ് മാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ ഫോണില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് മനസ്സിലായി. ജാഫര്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജിവച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. ജാഫര്‍ കളവുപറഞ്ഞ് ജനങ്ങളെ വീണ്ടും വിഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജാഫര്‍ സിപിഎമ്മിന്റെ കുതന്ത്രത്തില്‍ പെട്ടുപോയിരിക്കുകയാണ്'. മുസ്തഫ പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ കോഴ നല്‍കി വാങ്ങിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കണമെന്നും യുഡിഎഫ് നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തോടും സഹകരിക്കുമെന്നും ജാഫര്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ നബീസക്ക് വോട്ടു ചെയ്തത് തന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റാണെന്നും അതില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുകയും രാജിവയ്ക്കുകയും ചെയ്തെന്ന് ജാഫര്‍ പ്രതികരിച്ചിരുന്നു.

പറഞ്ഞ കാര്യമാണ് അവിടെ പോയി ചെയ്തത്. ഒരു മാറ്റവുമില്ലാതെ നേരെ വരുന്നു, വോട്ട് ചെയ്യുന്നു പോകുന്നു. 50 ലക്ഷമോ അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം എന്നാണ് പറഞ്ഞത്. ബ്ലോക്ക് പ്രസിഡന്റ് മറ്റൊരാളായി. അബദ്ധം പറ്റി എന്നുള്ളത് അന്ന് തിരഞ്ഞെടുപ്പ് ദിവസം അവിടെ വച്ച് പറയണ്ടെ. അന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് സിപിഎമ്മിന്റെ ബ്ലോക്ക് മെമ്പര്‍ക്ക് കൈകൊടുത്ത് ബോക്ക് പ്രസിഡന്റുമായി ചിരിച്ച് സംസാരിച്ചാണ് പുറത്തു വന്നത്. അങ്ങനെ പോയ ഒരാള്‍ക്ക് എന്ത് തെറ്റു പറ്റാന്‍. യുഡിഎഫ് ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ച വടക്കാഞ്ചേരിയിലെ 72 വാര്‍ഡിലെ ജനങ്ങളെയാണ് ഇയാള്‍ പറ്റിച്ചിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എല്‍ഡിഎഫ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വാദം. എന്നാല്‍ അത് പ്രസിഡന്റ് സ്ഥാനാര്‍ഥി പി ഐ ഷാനവാസ് തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിജിലന്‍സും പരിശോധിക്കുകയാണ്.

Next Story

RELATED STORIES

Share it