Latest News

രാജ്യത്തെ ആദ്യ ആരോഗ്യ നഗരമാകാന്‍ വടക്കാഞ്ചേരി

രാജ്യത്തെ ആദ്യ ആരോഗ്യ നഗരമാകാന്‍ വടക്കാഞ്ചേരി
X

തൃശൂര്‍: സ്വപ്ന ആശയമായ ആരോഗ്യ നഗരം പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി വടക്കാഞ്ചേരി നഗരസഭ. നിരന്തരമായ പഠന പരിപാടികളിലൂടെയും ബഹുജന ബോധവല്‍ക്കരണത്തിലൂടെയും മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടു വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 2022ലെ ബജറ്റിലാണ് ഈ നവീന ആശയ പദ്ധതി നഗരസഭ മുന്നോട്ട് വെച്ചത്.

കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഫ് ഹെല്‍ത്തി ഏജിങ് എന്നതാണ് ആരോഗ്യ നഗരം പദ്ധതിയുടെ കാതല്‍. വാര്‍ദ്ധക്യത്തിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. ഇതിനായി വയോധികര്‍ക്കും മധ്യവയസ്‌കര്‍ക്കും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. യുവതലമുറയ്ക്ക് ഇനിയുള്ള കാലത്ത് എങ്ങനെയൊക്കെ ജീവിച്ചാലാണ് ആരോഗ്യകരമായി വാര്‍ദ്ധക്യം ആഘോഷിക്കാന്‍ കഴിയുക എന്നുള്ള രീതിയില്‍ പൊതുസമൂഹത്തെ പരിശീലിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന പരിപാടി. ബഹുജന മുന്നേറ്റം സാധ്യമാകുന്ന രീതിയിലേക്ക് നിരവധി പഠന പ്രചാരണ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടങ്ങളില്‍ നടത്തും. പദ്ധതിയുടെ പ്രാരംഭഘട്ട പരിപാടികള്‍ക്കായി 5 ലക്ഷം രൂപ നഗരസഭ വകയിരുത്തി.

വയോജനങ്ങളെ പരിചരിക്കാന്‍ താല്പര്യമുള്ള ഹോംനഴ്‌സുമാര്‍ക്ക് ജെറിയാട്രിക് കെയര്‍ പരിശീലനവും അംഗീകൃത സര്‍ട്ടിഫിക്കറ്റും നല്‍കും. വീടുകളിലും പൊതുസ്ഥാപനങ്ങളിലും വയോജനങ്ങള്‍ക്ക് ആയാസരഹിതമായി ഇടപെടുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരിശീലനവും പ്രചാരണവും നടത്തും.

കില, കേരള ആരോഗ്യ സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പരിപാടികള്‍ കില ആസൂത്രണം ചെയ്യും. മെഡിക്കല്‍ പരിശീലനങ്ങള്‍ കേരള ആരോഗ്യ സര്‍വകലാശാല നടത്തും. പരിപാടിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യവും സംഘാടനവും നഗരസഭ ഒരുക്കും.

ആരോഗ്യ നഗരം പദ്ധതിക്ക് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു സാമൂഹ്യ പാഠശാല എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ നടത്തിയ പഠനങ്ങളുടെ പ്രാദേശികവല്‍ക്കരണം കൂടിയാണ് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഉദ്ഘാടനം ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് ആര്യംപാടം പകല്‍വീട്ടില്‍ വെച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ഷീല മോഹനന്‍ ഒ ആര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ആര്‍ അനൂപ് കിഷോര്‍, പി ആര്‍ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ സി വി മുഹമ്മദ് ബഷീര്‍, ജമീലാബി എ എം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it