Latest News

മയക്കുമരുന്ന് മാഫിയക്കെതിരേ സംയുക്ത സൈനിക നടപടി; അമേരിക്ക-ഇക്വഡോര്‍ ഓപ്പറേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് മാഫിയക്കെതിരേ സംയുക്ത സൈനിക നടപടി; അമേരിക്ക-ഇക്വഡോര്‍ ഓപ്പറേഷന്‍ ആരംഭിച്ചു
X

ക്വിറ്റോ: രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന ക്രിമിനല്‍ ശൃംഖലകളെയും മയക്കുമരുന്ന് മാഫിയകളെയും അടിച്ചമര്‍ത്താന്‍ അമേരിക്കയും ഇക്വഡോറും സംയുക്ത സൈനിക നടപടി ആരംഭിച്ചു. മയക്കുമരുന്നിനെ ചെറുക്കുന്നതിനായി മാര്‍ച്ച് മൂന്നു മുതല്‍ ഇരുരാജ്യങ്ങളുടെയും സൈന്യം സംയുക്തമായി പ്രവര്‍ത്തനം തുടങ്ങിയതായി യുഎസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. ലാറ്റിനമേരിക്കയിലെയും കരീബിയന്‍ മേഖലയിലെയും രാജ്യങ്ങള്‍ ഇതിനെതിരേ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് യുഎസ് സതേണ്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാന്‍സിസ് ഡൊണോവന്‍ വ്യക്തമാക്കി. സൈനിക ഹെലികോപ്റ്ററുകള്‍ വിന്യസിക്കുന്നതിന്റെയും നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപനവും പുറത്തിറക്കി.

മയക്കുമരുന്ന് മാഫിയകളെയും ക്രിമിനല്‍ സംഘങ്ങളെയും 'വിദേശ ഭീകര സംഘടനകളായി' പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവില്‍ ഇക്വഡോര്‍ സൈന്യത്തിന് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങളും സാങ്കേതിക സഹായവുമാണ് അമേരിക്ക നല്‍കുന്നത്. ഭീകരതയിലൂടെയും അഴിമതിയിലൂടെയും ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന നാര്‍ക്കോടെററിസ്റ്റുകള്‍ക്കെതിരേ നിര്‍ണായക നടപടി സ്വീകരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.

അതേസമയം അമേരിക്കയുടെ സൈനിക ഇടപെടലിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മയക്കുമരുന്ന് കടത്ത് ഒരു ക്രിമിനല്‍ കുറ്റമാണെന്നും അതിനെ യുദ്ധമായി കാണുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കരീബിയന്‍ കടലിലും പസഫിക് മഹാസമുദ്രത്തിലുമായി നടന്ന 44 വ്യോമാക്രമണങ്ങളില്‍ ഇതുവരെ 150 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ പലരും സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളാണെന്ന് കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടുംബങ്ങള്‍ ആരോപിക്കുന്നു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ തടവിലാക്കിയ അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിലൊന്നായിരുന്ന ഇക്വഡോറില്‍ 2020ലെ കോവിഡ് മഹാമാരിക്ക് ശേഷമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്. കൊളംബിയക്കും പെറുവിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഇക്വഡോറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മയക്കുമരുന്ന് മാഫിയകള്‍ ദുരുപയോഗം ചെയ്തതായാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it