Latest News

യുപിയില്‍ യുവാവ് മുന്‍ കാമുകിയെ കൊന്ന് ശരീരം ആറ് കഷണങ്ങളാക്കി

യുപിയില്‍ യുവാവ് മുന്‍ കാമുകിയെ കൊന്ന് ശരീരം ആറ് കഷണങ്ങളാക്കി
X

ലഖ്‌നോ: രാജ്യതലസ്ഥാനത്ത് കാമുകിയെ കൊന്ന് യുവാവ് 35 കഷണങ്ങളാക്കിയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് സമാനമായ ക്രൂരതയുടെ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഉത്തര്‍പ്രദേശില്‍ മുന്‍ കാമുകിയെ കൊന്ന് യുവാവ് ആറ് കഷണങ്ങളാക്കി. കൊലപാതം നടത്തിയ യുവതിയുടെ മുന്‍ കാമുകനായ പ്രിന്‍സ് യാദവിനെ പോലിസ് അറസ്റ്റുചെയ്തു. ആരാധന എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ആറ് കഷണങ്ങളാക്കി ഒരു ചാക്കില്‍ക്കെട്ടി കിണറ്റില്‍ തള്ളുകയും തല കുളത്തില്‍ വലിച്ചെറിയുകയും ചെയ്തു.

തെളിവെടുപ്പിന്റെ ഭാഗമായി യുവതിയുടെ തല കണ്ടെടുക്കുന്നതിനായി കൊണ്ടുപോയപ്പോള്‍ പ്രതിയായ പ്രിന്‍സ് യാദവും പോലിസുമായി ഏറ്റുമുട്ടലുണ്ടായി. ഇതില്‍ ഇയാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. പ്രിന്‍സ് യാദവ് ഒരു നാടന്‍ പിസ്റ്റള്‍ ഒളിപ്പിച്ചുവയ്ക്കുകയും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഇതുപയോഗിക്കുകയുമായിരുന്നു. എന്നാല്‍, പോലിസ് ഈ ശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിനിടെയാണ് യാദവിന് പരിക്കേറ്റതെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

നവംബര്‍ 15ന് പശ്ചിമി ഗ്രാമത്തിന് പുറത്തുള്ള കിണറ്റില്‍ നിന്ന് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം അര്‍ധനഗ്‌നമായ അവസ്ഥയിലായിരുന്നു. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കവുമുണ്ടായിരുന്നുവെന്നാണ് പോലിസിന്റെ വിശദീകരണം. മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്താല്‍ പ്രിന്‍സ് യാദവ് മാതാപിതാക്കളുടെയും ബന്ധുവായ സര്‍വേഷിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹായത്തോടെ ആരാധനയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. അസംഗഢ് ജില്ലയിലെ ഇസ്ഹാഖ്പൂര്‍ ഗ്രാമത്തിലാണ് അവര്‍ താമസിച്ചിരുന്നത്. യാദവുമായി അടുപ്പമുണ്ടായിരുന്ന യുവതി

ഈ വര്‍ഷം ആദ്യമാണ് മറ്റൊരാളെ വിവാഹം കഴിക്കുന്നത്. നവംബര്‍ ഒമ്പതിന് യാദവ് ആരാധനയെ തന്റെ ബൈക്കില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നു. അവര്‍ അവിടെയെത്തിയപ്പോള്‍ ബന്ധുവായ സര്‍വേഷിന്റെ സഹായത്തോടെ പ്രിന്‍സ് യുവതിയെ കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോവുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശരീരം ആറ് കഷണങ്ങളായി മുറിച്ച് പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് കിണറ്റില്‍ തള്ളി. തല കുറച്ച് അകലെയുള്ള കുളത്തിലുമെറിഞ്ഞു. കേസില്‍ ഇതുവരെ മൂര്‍ച്ചയേറിയ ആയുധം, നാടന്‍ പിസ്റ്റള്‍, വെടിയുണ്ട എന്നിവ പോലിസ് കണ്ടെടുത്തിട്ടുണ്ട്. യാദവിനെ കുറ്റകൃത്യത്തില്‍ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന സര്‍വേഷ്, പ്രമീള യാദവ്, സുമന്‍, രാജാറാം, കലാവതി, മഞ്ജു, ഷീല എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്.

Next Story

RELATED STORIES

Share it