Latest News

ഫോണ്‍ വിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തിരിച്ചറിഞ്ഞില്ല; ഉദ്യോഗസ്ഥനെതിരേ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ഫോണ്‍ വിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തിരിച്ചറിഞ്ഞില്ല; ഉദ്യോഗസ്ഥനെതിരേ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
X

അമേത്തി: ബിജെപി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയും അമേത്തി എംപിയുമായ സ്മൃതി ഇറാനി ഫോണ്‍ വിളിച്ചപ്പോള്‍ ശബ്ദം തിരിച്ചറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുസാഫിര്‍ഖാന ലേഖ്പാല്‍ (ക്ലര്‍ക്ക്) ആയ ദീപക്കിനെതിരെയാണ് അന്വേഷണം. എംപിയായ കേന്ദ്രമന്ത്രിയെ തിരിച്ചറിയാത്തതിനും ഔദ്യോഗിക കൃത്യനിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി. മുസാഫിര്‍ഖാന തെഹ്‌സിലിനു കീഴിലുള്ള പൂരെ പഹല്‍വാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന 27കാരന്‍ കരുണേഷ് ആഗസ്ത് 27ന് സ്മൃതി ഇറാനിക്ക് നല്‍കിയ പരാതിയാണ് സംഭവത്തിന് ആധാരം.

അധ്യാപകനായിരുന്ന തന്റെ പിതാവിന്റെ മരണത്തിനുശേഷം മാതാവ് സാവിത്രി ദേവി വിധവാ പെന്‍ഷന് അപേക്ഷിച്ചിട്ടും ക്ലര്‍ക്കായ ദീപക് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ അത് മുടങ്ങിയെന്നും കരുണേഷിന്റെ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഇതെക്കുറിച്ച് അന്വേഷിക്കാനായി ശനിയാഴ്ച സ്മൃതി ഇറാനി ദീപക്കിനെ വിളിച്ചത്. എന്നാല്‍, വിളിച്ചയാളെ ദീപക്കിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന അമേത്തി ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ (സിഡിഒ) അങ്കുര്‍ ലാതര്‍ മന്ത്രിയോട് ഫോണ്‍ വാങ്ങുകയും ദീപക്കിനോട് തന്നെ ഓഫിസിലെത്തി കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുസാഫിര്‍ഖാന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു നിര്‍ദേശം നല്‍കി. റിപോര്‍ട്ട് ലഭിച്ചതിനുശേഷം നടപടി സ്വീകരിക്കുമെന്ന് സിഡിഒ അറിയിച്ചു. ക്ലര്‍ക്കായ ദീപക്കിന്റേത് അലസതയാണെന്നും അയാള്‍ തന്റെ ജോലി കൃത്യമായി നിര്‍വഹിച്ചില്ലെന്നും സിഡിഒ പറഞ്ഞു. മുസാഫിര്‍ഖാന തഹസില്‍ദാറിന് കീഴിലുള്ള ഗൗതംപൂര്‍ ഗ്രാമസഭയിലാണ് ദീപക്ക് ജോലിചെയ്യുന്നത്.

Next Story

RELATED STORIES

Share it