Latest News

യു പി ഇപ്പോള്‍ പിണറായി വിജയന്റെ പരിധിക്കകത്തായി; സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെട്ടില്ല, കന്യാസ്ത്രീകള്‍ക്കാണെങ്കില്‍ ഉടന്‍ നടപടി

സിദ്ദീഖിന്റെ കുടുംബത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനക്കു പുറമെ നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. അധികാരപരിധിയിലില്ലാത്ത സ്ഥലത്തെ പ്രശ്‌നത്തില്‍ ഇടപെടാനാകില്ല എന്ന മറുപടിയാണ് നിയമസഭയിലും മുഖ്യമന്ത്രി നല്‍കിയത്.

യു പി ഇപ്പോള്‍ പിണറായി വിജയന്റെ പരിധിക്കകത്തായി; സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെട്ടില്ല, കന്യാസ്ത്രീകള്‍ക്കാണെങ്കില്‍ ഉടന്‍ നടപടി
X

കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് അതിവേഗ നടപടിയിലൂടെ. വിഷയത്തില്‍ ഇടപെടുക മാത്രമല്ല, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുക കൂടി ചെയ്തു. എന്നാല്‍, ഹാഥ്‌റസില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോയതിന് യുപി പോലീസ് അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഇതു വരെ ഇടപെട്ടിട്ടുമില്ല. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഇടപടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പലപ്രാവശ്യം അഭ്യര്‍ഥിച്ചിട്ടു പോലും അനുകൂല സമീപനം എടുക്കാന്‍ തയ്യാറാകാതിരുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ അധികാര പരിധിയിലല്ല ഉത്തര്‍പ്രദേശ് എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് പിണറായി വിജയന്‍ ഇടപെടാതെ ഒഴിഞ്ഞുമാറിയത്.

സിദ്ദീഖിന്റെ കുടുംബത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനക്കു പുറമെ നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. അധികാരപരിധിയിലില്ലാത്ത സ്ഥലത്തെ പ്രശ്‌നത്തില്‍ ഇടപെടാനാകില്ല എന്ന മറുപടിയാണ് നിയമസഭയിലും മുഖ്യമന്ത്രി നല്‍കിയത്. അന്ന് അധികാര പരിധിയുടെ പേരു പറഞ്ഞു മാറിനിന്ന പിണറായി വിജയന്‍ ഇപ്പോള്‍ കന്യാസ്ത്രീകള്‍ അതേ യുപിയില്‍ വച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ രംഗത്തിറങ്ങി. രാജ്യത്തിന്റെ പ്രതിഛായക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞ് പിണറായി വിജയന്‍ അമിത്ഷാക്ക് കത്തയച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


എന്നാല്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയതിന്റെ പേരില്‍ മാത്രം രാജ്യദ്രോഹ നിയമങ്ങള്‍ ചുമത്തി തടവിലിടപ്പെട്ട സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യമോ, മതസഹിഷ്ണുതാ പാരമ്പര്യമോ ഒന്നും പിണറായി വിജയന് വിഷയമായതേയില്ല. നിയമസഭാ സാമാജികരും ലോകസഭാ അംഗങ്ങളും സിദ്ദീഖ് കാപ്പനു വേണ്ടി സംസാരിച്ചപ്പോഴും സംഘപരിവാരത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി ഇടപെടാതെ നിശബ്ദനായി മാറിനില്‍ക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. മുന്‍പ് ദുബയില്‍ വണ്ടിച്ചെക്ക് ഇടപാടില്‍ വെള്ളാപ്പള്ളിയുടെ മകന്‍ കുടുങ്ങിയപ്പോള്‍ ദുബൈ ഭരണാധികാരിയെ വരെ വിളിച്ച് ഇടപെടല്‍ നടത്തിയപ്പോഴും പിണറായി വിജയന് അധികാരപരിധിയെ കുറിച്ച ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. സിദ്ദീഖ് കാപ്പന്‍ എന്ന മുസ്‌ലിം യുവാവിനെ ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം ജയിലിലടച്ചപ്പോള്‍ മാത്രമാണ് അധികാരപരിധിയെ കുറിച്ചുള്ള ബോധ്യം പിണറായി വിജയനുണ്ടായത്.




Next Story

RELATED STORIES

Share it