Latest News

യുപി തിരഞ്ഞെടുപ്പ്; 55 സീറ്റില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം

യുപി തിരഞ്ഞെടുപ്പ്; 55 സീറ്റില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം
X

ലഖ്‌നോ: അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 55 സീറ്റില്‍ ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാവും. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 14നാണ് ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാവുക. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് നിര്‍ണായകമാവുക ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പായിരിക്കും. സംസ്ഥാനത്ത് മുസ് ലിംകളും ദലിതരും എറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്.

പടിഞ്ഞാറന്‍ യുപി ജില്ലകളായ മൊറാദാബാദ്, സഹരന്‍പൂര്‍, ബിജ്‌നോര്‍, അംറോഹ എന്നിവിടങ്ങളിലും സെന്‍ട്രല്‍ യുപിയിലെ ബദൗനും ഷാജഹാന്‍പൂരും ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ബിജെപിക്ക് 2017 തിരഞ്ഞെടുപ്പില്‍ 55ല്‍ 38 സീറ്റുകള്‍ ലഭിച്ചു. എസ്പിക്ക് 15സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് 2 സീറ്റ് നേടി. ബിഎസ്പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.

ഈ പ്രദേശത്തുനിന്ന് ആകെ 11 മുസ് ലിംകള്‍ ജയിച്ചു. അവരെല്ലാം സമാജ്‌വാദിക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ പല സീറ്റിലും രണ്ടാം സ്ഥാനത്ത് എസ് പിയായിരുന്നു, 27 സീറ്റില്‍. ബിജെപി 13 ഇടത്തും ബിഎസ്പി 11 ഇടത്തും രണ്ടാം സ്ഥാനത്തെത്തി.

2012 തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിക്കായിരുന്നു ഭൂരിപക്ഷം. ഈ പ്രദേശത്ത് പാര്‍ട്ടി 27 പേരെ വിജയിപ്പിച്ചെടുത്തു. ബിജെപി എട്ട് സീറ്റുകൊണ്ട് തൃപ്തരായി.

2019 ലോക് സഭാ തിരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി, ആര്‍ജെഡി എന്നിവര്‍ യോജിച്ചാണ് മല്‍സരിച്ചത്. ബിഎസ്പി പതിനൊന്നില്‍ അംരോഹ, ബിജ്‌നോര്‍, നാഗിന, സഹരന്‍പൂര്‍ എന്നിങ്ങനെ നാല് സീറ്റുകള്‍ നേടി. രാംപൂര്‍, മൊറാദാബാദ്, സംഭാല്‍ എന്നീ സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചു. ഈ ഏഴ് ലോക് സഭാ മണ്ഡലങ്ങളില്‍ 35 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു.

മുസ് ലിംകള്‍ക്കും ദലിതര്‍ക്കും പുറമെ ജാട്ടുകളും ഒബിസി സമുദായങ്ങളും ഈ പ്രദേശത്ത് ശക്തമാണ്. ബദൌന്‍ മണ്ഡലത്തില്‍ യാദവര്‍ കാര്യമായുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് ഇത്. പടിഞ്ഞാറന്‍ യുപിയില്‍ 2017 തിരഞ്ഞെടുപ്പില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കി. മോദി തരംഗത്തിനു പുറമെ വര്‍ഗീയത ഏറ്റവും ശക്തമായി നിലനിന്ന സമയവുമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. തങ്ങളുടെ വിളവ് സംഭരിക്കാത്തതില്‍ കര്‍ഷകര്‍ ബിജെപിയോട് ഇടഞ്ഞിരിക്കുകയാണ്. കരിമ്പ് കര്‍ഷകര്‍ക്ക് അവരുടെ വിളവിന്റെ വില ഇതുവരെ ലഭിച്ചിട്ടില്ല. അഴിമതിയും പോലിസ് നടപടികളും അതിന്റെ പാരമ്യത്തിലാണ്. തൊഴിലില്ലായ്മയും രൂക്ഷം.

സഹരന്‍പൂര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലാണ് നടക്കുക. രാഷ്ട്രീയനീക്കങ്ങള്‍ക്കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ് ഇത്. ഇവിടത്തെ പ്രധാന കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ മസൂദ് കഴിഞ്ഞ ദിവസം സമാജ് വാദിയിലേക്ക് ചേക്കേറി. 42 ശതമാനം മുസ് ലിം ജനസംഖ്യയുള്ള ഈ മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് മസൂദ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മസൂദ് ഇവിടെനിന്ന് മല്‍സരിച്ച് തോറ്റിരുന്നു, ബിഎസ്പിയാണ് വിജയിച്ചത്.

ദിയോബന്ദ് ആണ് ഈ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ മണ്ഡലം. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബ്രജേഷ് ഇവിടെ നിന്ന് നിയമസഭയിലെത്തി. ബിഎസ്പിയുടെ മാജിദ് അലിയായിരുന്നു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആന്റി ടെറര്‍ സ്വാഡ് പരിശീലന കേന്ദ്രത്തിന് തറക്കല്ലിട്ടത് ഇവിടെയാണ്. ഇസ് ലാമിക സെമിനാരിയായ ദാറുല്‍ ഉലൂം ദിയോബന്ദ് ഇവിടെയാണ്.

സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ റാംപൂരില്‍ ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടക്കും. 2017ല്‍ അസംഖാനാണ് ഇവിടെ നിന്ന് വിജയിച്ചത്. 2019ല്‍ ഇദ്ദേഹം ലോക്‌സഭയിലേക്ക് മല്‍സരിച്ചു ജയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ തസീന്‍ ഫാത്തിമയാണ് സിറ്റിങ് എംഎല്‍എ.

ബദൗന്‍ ജില്ലയിലെ ബില്‍സി മണ്ഡലത്തിലെ ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം എസ്പിയില്‍ ചേക്കേറിയിരുന്നു. 2017നു മുമ്പ് ബിദൗന്‍, സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. 2017ല്‍ ബിജെപി ഇവിടെനിന്ന് 6ല്‍ അഞ്ച് സീറ്റുകള്‍ നേടി.

ഷാജഹാന്‍പൂരാണ് മറ്റൊരു പ്രധാന ജില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 594 കിലോമീറ്റര്‍ ഗംഗ എക്‌സ്പ്രസ് വേക്ക് തറക്കല്ലിട്ടത് ഇവിടെയാണ്. ജലാലാബാദ് ഒഴിച്ച് 2017ല്‍ ബിജെപി അഞ്ച് സീറ്റ് ഈ ജില്ലയില്‍ നിന്ന് നേടി. ആദിത്യനാഥ് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it