Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സൗജന്യ വൈദ്യതി വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സൗജന്യ വൈദ്യതി വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി
X

ലഖ്‌നോ: യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയണെങ്കില്‍ സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

ഇപ്പോള്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വൈദ്യുതി സൗജന്യമായാണ് നല്‍കുന്നതെന്നും അത് യുപിയിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ലഖ്‌നോവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

ജനങ്ങള്‍ക്ക് വൈദ്യുതി ബില്ലില്‍ ആശ്വാസം നല്‍കേണ്ട സമയമാണ് ഇതെന്നും 48 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഉയര്‍ന്ന വൈദ്യുതി ബില്ല് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ യോഗി സര്‍ക്കാര്‍ കുറ്റവാളികളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ ഉയര്‍ന്ന വൈദ്യുതി ബില്ലിന്റെ പേരില്‍ ആത്മഹത്യയുടെ വക്കിലാണ്. പലരും ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അവര്‍ അല്‍പ്പം ക്ഷമിക്കണമെന്നും തങ്ങള്‍ അധികാരത്തിലെത്തുന്ന നിമിഷം ബില്ലുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉയര്‍ന്ന വൈദ്യുതി ബില്ല് നിങ്ങളുടെ പാളിച്ചയല്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. അവരാണ് ഇതുവഴി പണം നേടുന്നത്. ജനങ്ങള്‍ കുറ്റവാളികളെപ്പോലെ കഴിയേണ്ടവരല്ല. എല്ലാവര്‍ക്കും പൂജ്യം വൈദ്യുതി ബില്ല് തങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും ഉയര്‍ന്ന ബില്ലുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it