Latest News

ഇസ്‌ലാമിക് ബാങ്ക് പോലെയല്ല, ഹിന്ദു ബാങ്ക്; സംഘപരിവാരിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരേ മുന്‍ ധനമന്ത്രി തോമസ് ഐസക്

ഇസ്‌ലാമിക് ബാങ്ക് പോലെയല്ല, ഹിന്ദു ബാങ്ക്; സംഘപരിവാരിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരേ മുന്‍ ധനമന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഹിന്ദു ബാങ്ക് രൂപീകരിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി എം തോമസ് ഐസക്ക്. നൂറിലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേരളത്തിലെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോള്‍ എടുത്ത പുതിയ അടവാണ് ഹിന്ദു ബാങ്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു ബാങ്കുകള്‍ ഇസ് ലാമിക് ബാങ്കിന് പകരമാണെന്ന പ്രചാരണത്തെയും ഐസക് തള്ളിക്കളഞ്ഞു. ഇസ് ലാമിക് ബാങ്ക് വഴി സമാഹരിക്കുന്ന പണം മുസ് ലിംകള്‍ക്കു മാത്രമല്ല ആര്‍ക്കും ഉപയോഗിക്കാം. രാഷ്ട്രപുരോഗതിക്കും ഉപയോഗപ്പെടുത്താം. എന്നാല്‍ ഹിന്ദുബാങ്കിലെ പണം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുവിന്റെ പണം ഹിന്ദു കൈകാര്യം ചെയ്യണമെന്ന മുദ്രാവാക്യവുമായി സ്ഥാപിക്കുന്ന ഈ ബാങ്കുകള്‍ 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ നിധി റൂള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുക. ''പൊളിറ്റിക്കല്‍ ഇസ് ലാം മുന്നോട്ടുവയ്ക്കുകയും മുന്‍ധനമന്ത്രി തോമസ് ഐസകും ഇടതുഭരണകൂടവും കഴിഞ്ഞ 15 വര്‍ഷമായി പൂര്‍ണപിന്തുണ നല്‍കുകയും ചെയ്യുന്ന സാമ്പത്തിക ഇസ് ലാമിന്റെ അല്‍ ബറക ഇസ് ലാമിക് ബാങ്കിന്'' ബദലാണെന്നാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത്. ഇസ്‌ലാമിക് ധനകാര്യ സ്ഥാപനം വഴി സമാഹരിക്കുന്ന പണം മുസ് ലിംകള്‍ക്കു മാത്രമുള്ളതല്ല. ഏതൊരാളുടെയും പലിശയിലധിഷ്ഠിതമല്ലാത്ത നിക്ഷേപത്തിന് ഇത് ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍ ഇതിനു തുനിഞ്ഞതുതന്നെ ഇങ്ങനെ സമാഹരിക്കുന്ന പണം നാടിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ്. കേരള സര്‍ക്കാര്‍ പിന്തുണച്ച ഇസ്‌ലാമിക് ധനകാര്യ സ്ഥാപനവും ആര്‍എസ്എസിന്റെ ഹിന്ദു ബാങ്കും തമ്മിലുള്ള അടിസ്ഥാനവ്യത്യാസവും ഇതാണെന്നും ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചു.

പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ ഒട്ടേറെ മുസ് ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. വിദേശത്തുള്ള ബഹുരാഷ്ട്ര ബാങ്കുകള്‍പോലും ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ അവരുടെ ബാങ്കുകളില്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലും ഇത് ആകാമെന്നു രഘുറാം രാജന്‍ അധ്യക്ഷനായുള്ള കമ്മിറ്റി റിസര്‍വ്വ് ബാങ്കിനു ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും നടപടി സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങള്‍ മുഴുവന്‍ പലിശയടിസ്ഥാനത്തിലാണ്. അതുകൊണ്ട് പലിശരഹിത ബാങ്ക് പ്രായോഗികമാവില്ലായെന്നൊരു നിലപാടാണ് ബിജെപി അധികാരത്തില്‍വന്നശേഷം സ്വീകരിച്ചത്. അതുകൊണ്ട് ബാങ്ക് ആയിട്ടല്ല ഒരു ബാങ്കിതര ധനകാര്യസ്ഥാപനമായിട്ടാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചത്. ഈ സ്ഥാപനത്തില്‍ ആര്‍ക്കും നിക്ഷേപം നടത്താം. ഗുണഭോക്താക്കള്‍ മുസ് ലിംകളേ പാടുള്ളൂവെന്നും ഇല്ല. ഡയറക്ടര്‍ ബോര്‍ഡിലും ഹിന്ദുക്കളുണ്ട്.

പണ്ട് ഇന്ത്യാ രാജ്യത്ത് ഹിന്ദു പാനി, മുസ്ലിം പാനി വര്‍ഗീയവാദികള്‍ വിതരണം ചെയ്തതുപോലെ കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ലെന്നും വര്‍ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളെ രാഷ്ട്രീയമായിട്ടു മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it