Latest News

ഗവര്‍ണര്‍ക്കെതിരേ കോടതിയില്‍ പോകുന്നത് അനീതി പുനസ്ഥാപിക്കാന്‍; അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍

ആറ് വര്‍ഷത്തിനിടെ നടന്ന എല്ലാ സര്‍വകലാശാല ബന്ധുനിയമനത്തെകുറിച്ചും അന്വേഷിക്കണം

ഗവര്‍ണര്‍ക്കെതിരേ കോടതിയില്‍ പോകുന്നത് അനീതി പുനസ്ഥാപിക്കാന്‍; അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ചാണ് അത് ചെയ്തത്. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടണം. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ കൊണ്ടുവരുന്നതും ഇത്തരം അനധികൃത അധ്യാപക നിയമനത്തിനാണ്. ക്രമക്കേട് കാണിക്കാനാണ്.

നിലവില്‍ യുജിസിയുടേയും സെനറ്റിന്റേയും ചാന്‍സലറുടേയും പ്രതിനിധിയാണുള്ളത്. അവിടേക്ക് സര്‍ക്കാരിന്റെ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനേയും വയ്ക്കുകയാണ്. തുടര്‍ന്ന് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഈ പേര് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പാടൂള്ളൂ. അപ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കാനും ഇഷ്ടക്കാരുടെ പേര് ശുപാര്‍ശ ചെയ്യാനും കഴിയും. അങ്ങനെ വരുമ്പോള്‍ വിസി പൂര്‍ണമായും സര്‍ക്കാരിന്റെ അടിമയാകും.

ഇത് വളരെ ഗൗരവതരമായ കാര്യമാണ്. കാരണം പരസ്യമായാണ് അര്‍ഹരായ ആളുകള്‍ക്ക് നീതി നിഷേധിച്ച് ബന്ധു നിയമനം നടത്തുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. സര്‍ക്കാര്‍ നിയമവഴി തേടിയാല്‍ തങ്ങളും നിയമവഴി തേടുമെന്നും വിഷയാധിഷ്ടിതമായിട്ടാണ് പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it