Latest News

സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനൊപ്പം നിലകൊള്ളുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കേരളത്തിലെ യൂനിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള 'ആശങ്ക' പരിഹാസ്യമാണ്.

സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് വിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമീപകാലത്ത് യൂനിവേഴ്‌സിറ്റി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനേകം പരാതികളാണ് ഉയര്‍ന്നു വന്നത്. നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാര്‍ഥികള്‍ നേടിയ മികച്ച മാര്‍ക്കിനെ പോലും അട്ടിമറിച്ചു റാങ്ക് ലിസ്റ്റ് തന്നെ കീഴ്‌മേല്‍ മറിഞ്ഞ സംഭവം പോലുമുണ്ടായി. ഈ അട്ടിമറി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ പരസ്യമായി പറയുകയും ചെയ്തു. മെറിറ്റിനേയും സംവരണത്തേയും ഉള്‍പ്പെടെ അട്ടിമറിക്കാന്‍ ശ്രമിച്ചത് തെളിവ് സഹിതം പുറത്തു വന്നിരുന്നു.

സിപിഎം നേതാക്കളെയും അവരുടെ താല്പര്യക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാന്‍ നിരവധി ശ്രമങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി നടന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടത് പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നത്. ഇടത് സര്‍വീസ് സംഘടനകളുടെ സ്വേച്ഛാ ഇടങ്ങളായി കേരളത്തിലെ സര്‍വകലാശാലകള്‍ മാറിയിട്ട് കുറച്ചധികം നാളുകളായി. കൂടാതെ, സംവരണ അട്ടിമറികളും ഗൗരവതരമാം വിധം സര്‍വകലാശാല നിയമനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം, ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനൊപ്പം നിലകൊള്ളുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കേരളത്തിലെ യൂനിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള 'ആശങ്ക' അങ്ങേയറ്റം പരിഹാസ്യമാണ്. കേന്ദ്ര സര്‍വകലാശാലകളിലെ മുഴുവന്‍ നിയമനങ്ങളിലൂടെയും സിലബസുകളും പാഠപുസ്തകങ്ങളും തിരുത്തിയെഴുതിയും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണമായും സംഘ് പരിവാര്‍ ദാസനായ ഗവര്‍ണറും ഇതേ അജണ്ടകളുടെ ഏജന്റ് തന്നെയാണ്.

മുസ്‌ലിം-ദലിത്-ആദിവാസി-കീഴാള വിരുദ്ധ വിദ്യാഭ്യാസ അന്തരീക്ഷം നിര്‍മിച്ചെടുക്കാനാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുതാര്യവും നീതി പൂര്‍വകവുമായ നടപടികള്‍ക്ക് സര്‍വകലാശാല നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സിക്ക് വിടണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ് മുജീബുറഹ്മാന്‍, അര്‍ച്ചന പ്രജിത്ത്,കെകെ അഷ്‌റഫ്,കെഎം ഷെഫ്‌റിന്‍,ഫസ്‌ന മിയാന്‍, മഹേഷ് തോന്നക്കല്‍,സനല്‍ കുമാര്‍, ഫാത്തിമ നൗറീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it