Latest News

യുക്രെയ്‌നില്‍ ഇന്ത്യക്കാര്‍ മരണമുനമ്പില്‍ നില്‍ക്കുമ്പോഴും ബിജെപി തിരഞ്ഞെടുപ്പ് ലഹരിയില്‍: കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ കനത്ത പ്രതിഷേധം

യുക്രെയ്‌നില്‍ ഇന്ത്യക്കാര്‍ മരണമുനമ്പില്‍ നില്‍ക്കുമ്പോഴും ബിജെപി തിരഞ്ഞെടുപ്പ് ലഹരിയില്‍: കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ കനത്ത പ്രതിഷേധം
X

ന്യൂഡല്‍ഹി; കര്‍ണാടകയില്‍നിന്നുളള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി യുക്രെയ്‌നിലെ ഖര്‍കിവില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ കനത്ത പ്രതിഷേധം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും യുക്രെയ്‌നില്‍ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിക്കഴിയുകയാണെന്ന പ്രചാരണം ശക്തമായി. പ്രതിപക്ഷ കക്ഷികളും ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളുമാണ് സര്‍ക്കാരിനെതിരേ രംഗത്തുവന്നിരിക്കുന്നത്.

യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.

ഖര്‍കിവ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറാണ് ഇന്ന് രാവിലെ ഖര്‍കിവില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഖര്‍കിവിലെ ബങ്കറില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന നവീന്‍ ഭക്ഷണത്തിന് വരിനില്‍ക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. മരണം ഷെല്ലിങ്ങിനിടയിലാണെന്നും അതല്ല വെടിയേറ്റാണെന്നും വ്യത്യസ്ത റിപോര്‍ട്ടുകളാണ് പുറത്തുവന്നത്. 18,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നിലുളളത്. പലയിടങ്ങളിലും വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ട്.

യുക്രെയ്‌നില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് എഐസിസി സാമൂഹികമാധ്യമ മേധാവി ഗൗരവ് പാണ്ടി കുറ്റപ്പെടുത്തി.

''യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ ഓര്‍ത്ത് വലിയ നടുക്കമുണ്ട്, പ്രത്യേകിച്ചും അവരില്‍ ഒരാള്‍ ദാരുണമായ കൊല്ലപ്പെട്ടശേഷം. ഈ സമയത്തും പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരസ്യ പ്രചാരണങ്ങളില്‍ മുഴുകുന്നതും കാണുമ്പോള്‍ അവര്‍ക്ക് എന്ത് തോന്നും?''- ഗൗരവ് പാണ്ടി ട്വീറ്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുടെ വസതിയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിവിധ പ്രദേശങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടന്നതിനോടാണ് സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ താരതമ്യം ചെയ്തത്.

''യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും സമാനമായാണ് ഞങ്ങള്‍ കാണുന്നത്. ഇരുകൂട്ടരെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. ഏഷ്യന്‍, ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ വംശീയമായ ആക്രമണങ്ങള്‍ നേരിടുമ്പോള്‍ കിവ് വിടാനാണ് അവരോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അവരെ ട്രെയിനുകളില്‍ പ്രവേശിപ്പിക്കുന്നുപോലുമില്ല''- അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളും കേന്ദ്രത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

''ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട ശേഷം യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് അവ്യക്തമായ നിര്‍ദേശങ്ങളല്ല, സര്‍ക്കാര്‍ നല്‍കേണ്ടത്. എവിടെ എത്തണം, എങ്ങനെ എത്തിച്ചേരണം എന്നൊന്നും നിര്‍ദേശങ്ങളിലില്ല. സര്‍ക്കാര്‍ നിസ്സംഗരായിരിക്കുകയാണ്''- . ഒരു ട്വിറ്റര്‍ യൂസര്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it