Latest News

യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍
X

മുംബൈ: യുകെയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. അകാന്‍ക്ഷ രാജേന്ദ്ര തിവാരിയെയാണ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

എഞ്ചിനീയറിങ്ങ്‌ കണ്‍സള്‍ട്ടന്റായ വികാസ് വിദുര്‍ കുമാര്‍ ഖതിവേദയും ഭാര്യ മോണിക്ക ദഹലുമാണ് തട്ടിപ്പിനിരയായത്. ലണ്ടനില്‍ ജോലി ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ വിദേശ ജോലിയും വിസയും വാഗ്ദാനം ചെയ്യുന്ന ഒരു സ്വകാര്യ ഏജന്‍സിയെ കണ്ടെത്തി. യുകെ, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ജോലി സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെട്ട് കമ്പനി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. പോസ്റ്റില്‍ നല്‍കിയിരുന്ന നമ്പറില്‍ ദഹല്‍ ബന്ധപ്പെടുകയും പ്രതി അകാന്‍ക്ഷ തിവാരിയെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് കാണ്ടിവാലിയിലെ രഘുലീല മാളിലെ ഓഫീസില്‍ വച്ച് ദമ്പതികള്‍ പ്രതിയെ നേരിട്ട് കാണുകയും ചെയ്തു.

ഏജന്‍സി ഉടമ രോഹിത് സോംഗാരയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍ മുതല്‍ കഴിഞ്ഞ മെയ് വരെ ദമ്പതികള്‍ 27 ലക്ഷം രൂപ അടച്ചു. എന്നാല്‍, വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ഏജന്‍സിയെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഓഫീസ് അടച്ചുപൂട്ടിയതായാണ് അവര്‍ പിന്നീട് കണ്ടെത്തിയത്. ഏജന്‍സി മലാഡിലേക്ക് മാറിയെന്ന വിവരം ലഭിച്ചെങ്കിലും പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ കാണ്ടിവാലി പോലിസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ അകാന്‍ക്ഷ തിവാരി പോലിസിന്റെ പിടിയിലായി. പ്രധാന പ്രതിയായ രോഹിത് സോംഗാരയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it