Latest News

ഒത്തുകളി കേസ്: പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി

2000ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഒത്തുകളി കേസ്: പ്രതി സഞ്ജീവ് ചൗളയെ  ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി
X
ലണ്ടന്‍: 2000ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ തീരുമാനം കൈകൊള്ളും. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ ചൗളയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ ബ്രിട്ടനെ സമീപിച്ചിരുന്നുവെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ത്യയുടെ ആവശ്യം തള്ളുകയായിരുന്നു.

ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച ഇന്ത്യ വീണ്ടും വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ചൗള ബിസിനസ് വിസയിലാണ് രാജ്യം വിട്ടത്. ഒത്തുകളിയില്‍ ഉള്‍പ്പെട്ടതോടെ 2000ത്തില്‍ ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെങ്കിലും 2005ല്‍ ഇയാള്‍ ബ്രിട്ടീഷ് പൗരത്വം നേടി. 2016ല്‍ ലണ്ടനില്‍ വെച്ച് അറസ്റ്റിലായ ചൗളയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ തിഹാര്‍ ജയില്‍ സുരക്ഷിതമല്ലെന്ന അയാളുടെ വാദം അംഗീകരിച്ച് ചൗളയെ നാടുകടത്തുന്നതില്‍നിന്നു ഒഴിവാക്കുകയായിരുന്നു.

എന്നാല്‍, 2018 നവംബറില്‍ ചൗളയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി തിഹാര്‍ ജയില്‍ സുരക്ഷിതമാണെന്നും അവിടേക്ക് ചൗളയെ അയക്കുന്നത് അപകടകരമല്ലെന്ന് വിധിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവരാണ് കേസ് പരിഗണിച്ചത്. വിവാദ മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു മേല്‍ വാദം തുടരുന്നതിനിടെയാണ് ചൗളയെ തിരിച്ചയക്കാന്‍ കോടതി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it