Latest News

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലേക്ക്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലേക്ക്
X

ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇന്ത്യ-യുഎഇ ബന്ധം ശക്തമായത്. 2022ല്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(CEPA) ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവയും ഇരു രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര, നിക്ഷേപ പങ്കാളികളാവാന്‍ കാരണമായി.

2025ലെ ആദ്യ പകുതിയില്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ-ഇതര വ്യാപാരം ഏകദേശം 37.6 ബില്യണ്‍ ഡോളര്‍ വരെ എത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% വര്‍ധനവാണ് രേഖപ്പെടുത്തിയത്. മികച്ച രീതിയിലുള്ള ഇടപെടുലുകളിലൂടെ 2030ഓടെ നോണ്‍-ഓയില്‍ വ്യാപാരം 10,000 കോടി ഡോളര്‍ ആക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ഉന്നതതല കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്. 2000 മുതല്‍ ഇതുവരെ 2,200 കോടി ഡോളറിലധികം നിക്ഷേപം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏഴാമത്തെ വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ സ്രോതസാണ് യുഎഇ. ഊര്‍ജ മേഖലയില്‍ എണ്ണയും ദ്രാവക പ്രകൃതിവാതകവും വിതരണം ചെയ്യുന്നതിലൂടെ യുഎഇ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാളിയാണ്. അടുത്തിടെ ആരംഭിച്ച രൂപ-ദിര്‍ഹം വ്യാപാര ഇടപാടുകളും യുഎഇയില്‍ ഇന്ത്യന്‍ യുപിഐ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം സംയോജിപ്പിച്ചതും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.

കരാറിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എഞ്ചിനീയറിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് മേഖലകളിലെ കയറ്റുമതി വന്‍തോതില്‍ വര്‍ധിച്ചു. അതേസമയം, ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെക്‌നോളജി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ യുഎഇ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. പ്രതിരോധ-സുരക്ഷാ മേഖലകളിലും ഇന്ത്യ-യുഎഇ ബന്ധം ശക്തമാകുന്നുണ്ട്. ഇരുരാജ്യങ്ങളും പതിവായി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തുകയും കടല്‍സുരക്ഷാ സഹകരണം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഈ മാസം തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യ മേധാവി യുഎഇ സന്ദര്‍ശിച്ച് സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it