Latest News

ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച; രണ്ടു പേര്‍ കസ്റ്റഡിയില്‍

ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച; രണ്ടു പേര്‍ കസ്റ്റഡിയില്‍
X

പാരിസ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാഗൃഹങ്ങളില്‍ ഒന്നായ പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് സംഭവം സ്ഥിരീകരിച്ചത്. പിടിയിലായ രണ്ടുപേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് റിപോര്‍ട്ട്.

പ്രതികളില്‍ ഒരാളെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി പാരിസ്ചാള്‍സ് ഡി ഗോളെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നാലെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. റിപോര്‍ട്ടുകള്‍ പ്രകാരം പ്രതികള്‍ അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇവര്‍ പാരിസിലെ സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ്. ഇരുവരും മറ്റു പല മോഷണക്കേസുകളിലെയും പ്രതികളാണ്.

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച സംഘമാണ് മോഷണത്തിനു പിന്നിലെന്നായിരുന്നു റിപോര്‍ട്ട്. മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ വശത്തുള്ള റോഡില്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കള്‍ ബാല്‍ക്കണിയിലേക്കു കടക്കുകയായിരുന്നു. അവിടെനിന്ന് ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് നേരെ അപ്പോളോ ഗാലറിയിലേക്ക് (ദി ഗാലറി ഡി അപ്പോളോണ്‍) കടന്നു.

ആംഗിള്‍ ഗ്രൈന്‍ഡറുകള്‍ ഉപയോഗിച്ച് ഡിസ്‌പ്ലേ കേസുകള്‍ തകര്‍ത്താണ് ഒരു മാലയും ബ്രൂച്ചും ഉള്‍പ്പെടെ ഒന്‍പത് ആഭരണങ്ങള്‍ മോഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം വഴിയില്‍ നഷ്ടമാകുകയും ചെയ്തു. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്‌പ്ലേ ബോര്‍ഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുമാര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നുകളഞ്ഞിരുന്നു.

Next Story

RELATED STORIES

Share it