Latest News

ഖഷഗ്ജി വധം: സൗദിയെ 'പൂട്ടാനൊരുങ്ങി' തുര്‍ക്കി

ഖഷഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണത്തിന് പദ്ധതിയിട്ടതായും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ ചുവട് വയ്പു ഉണ്ടാവുമെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്.

ഖഷഗ്ജി വധം:  സൗദിയെ പൂട്ടാനൊരുങ്ങി തുര്‍ക്കി
X

ആങ്കറ: വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി അറേബ്യയെ പൂട്ടാനൊരുങ്ങി തുര്‍ക്കി. ഖഷഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണത്തിന് പദ്ധതിയിട്ടതായും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ ചുവട് വയ്പു ഉണ്ടാവുമെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്.

വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റിന്റെ കൊലപാതകത്തില്‍ ഇതുവരെ നടന്ന അന്വേഷണത്തിലെ ഒരു വിവരങ്ങളും പങ്കുവയ്ക്കാന്‍ സൗദി അറേബ്യ തയ്യാറായിട്ടില്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസൊഗ്ലു പറഞ്ഞു. ഇസ്താംബൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

സൗദി ഭരണകൂടം മുന്‍കൂട്ടി ആസുത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന് തുര്‍ക്കി ആരോപിക്കുന്ന സംഭവത്തിനു പിന്നാലെ കോണ്‍സുലേറ്റ് കെട്ടിടത്തില്‍വച്ചുതന്നെ ഖഷഗ്ജിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി തെളിവുകള്‍ അവശേഷിപ്പിക്കാത്തവിധം നശിപ്പിച്ചിരുന്നു. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തുടക്കത്തില്‍ നിഷേധിച്ച സൗദി പിന്നീട് നിലപാട് മാറ്റുകയും കൊല്ലപ്പെട്ടതായി സമ്മതിക്കുകയുമായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൗദി അവകാശപ്പെട്ടത്.

സൗദിയുടെയും തുര്‍ക്കിയുടെയും സംയുക്ത അന്വേഷണസംഘം കോണ്‍സുലേറ്റിലും കോണ്‍സുല്‍ ജനറലിന്റെ വസതിയിലും മറ്റു നിരവധിയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഖഷഗ്ജിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it