Latest News

ഊര്‍ജ്ജ പ്രതിസന്ധി; ക്യൂബ പിടിച്ചെടുക്കുമെന്ന് ട്രംപ്

ഊര്‍ജ്ജ പ്രതിസന്ധി; ക്യൂബ പിടിച്ചെടുക്കുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: എണ്ണ ഉപരോധത്തെ തുടര്‍ന്ന് വൈദ്യുതി ഗ്രിഡ് തകരുകയും ക്യൂബ മുഴുവന്‍ ഇരുട്ടിലായ സാഹചര്യത്തില്‍ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബയെ പിടിച്ചെടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ക്യൂബയെക്കുറിച്ചുള്ള അമേരിക്കയുടെ നീണ്ടകാല സമീപനത്തെ പരാമര്‍ശിച്ച ട്രംപ്, 'ക്യൂബ പിടിച്ചെടുക്കാനുള്ള ബഹുമതി എനിക്ക് ലഭിക്കും' എന്ന നിലപാട് ആവര്‍ത്തിച്ചു. ക്യൂബയെ മോചിപ്പിക്കണോ പിടിച്ചെടുക്കണോ എന്നത് തന്റെ തീരുമാനമാണെന്നും നിലവില്‍ രാജ്യം ദുര്‍ബലാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ വൈദ്യുതി ഗ്രിഡ് തകരാറിലായതോടെ ഏകദേശം ഒരു കോടി ജനങ്ങള്‍ വൈദ്യുതി ഇല്ലാതെ കഴിയുകയാണ്. നാലു മാസത്തിനിടെ മൂന്നാം തവണയാണ് സമാനമായ ബ്ലാക്ക്ഔട്ട് രാജ്യം നേരിടുന്നത്. തലസ്ഥാനമായ ഹവാനയില്‍ വളരെ കുറച്ച് പ്രദേശങ്ങള്‍ക്കും ചില ആശുപത്പിരല്‍ക്കും മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. പഴക്കമേറിയ അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകള്‍ക്കൊപ്പം അമേരിക്കയുടെ എണ്ണ ഉപരോധമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ക്യൂബ സര്‍ക്കാര്‍ ആരോപിച്ചു. ക്യൂബക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജനുവരി 9നു ശേഷം രാജ്യത്തേക്ക് എണ്ണ ഇറക്കുമതി നിലച്ചിരിക്കുകയാണ്.

ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ക്ഷാമം കടുത്തതോടെ ജനജീവിതം താറുമാറായി. ദീര്‍ഘനേരം നീളുന്ന വൈദ്യുതി മുടക്കം മൂലം ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നതായും ജനങ്ങള്‍ പറയുന്നു. ദാരിദ്ര്യവും ഇരുട്ടും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. അതേസമയം ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. പ്രസിഡന്റ് മിഗുവല്‍ ഡയസ്‌കാനല്‍ രാജിവയ്ക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നതിനോടൊപ്പം ലാറ്റിന്‍ അമേരിക്കയിലും കടുത്ത സൈനിക നിലപാട് തുടരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it