Latest News

മയക്കുമരുന്ന് കടത്തിനെതിരേ മുന്നറിയിപ്പ്; മെക്‌സിക്കോ, ക്യൂബ, കൊളംബിയ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്

മയക്കുമരുന്ന് കടത്തിനെതിരേ മുന്നറിയിപ്പ്; മെക്‌സിക്കോ, ക്യൂബ, കൊളംബിയ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്
X

കാരക്കാസ്: വെനസ്വേലയ്ക്ക് പിന്നാലെ മെക്‌സിക്കോ, ക്യൂബ, കൊളംബിയ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് നിര്‍മ്മാണവും കടത്തും ഫലപ്രദമായി തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, വെനസ്വേലയ്‌ക്കെതിരേ സ്വീകരിച്ചതിന് സമാനമായ നടപടികള്‍ ഈ രാജ്യങ്ങളും നേരിടേണ്ടിവരുമെന്നതാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയ്ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന 'പ്രശ്‌നക്കാരായ അയല്‍ക്കാര്‍' എന്ന നിലയിലാണ് ട്രംപ് ഈ രാജ്യങ്ങളെ വിശേഷിപ്പിച്ചത്. ക്യൂബ ഒരു പരാജയപ്പെട്ട രാഷ്ട്രമാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. മെക്‌സിക്കോയിലെ ഭരണകൂടത്തെ മയക്കുമരുന്ന് മാഫിയകള്‍ നിയന്ത്രിക്കുകയാണെന്നാരോപിച്ച ട്രംപ്, അവിടെ അമേരിക്ക 'എന്തെങ്കിലും ചെയ്യേണ്ടി വരും' എന്ന സൂചനയും നല്‍കി. കൊളംബിയയില്‍ മൂന്നു പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മ്മാണത്തില്‍ പങ്കാളിയാണെന്നും ട്രംപ് ആരോപിച്ചു.

വെനസ്വേലന്‍ ഭരണകൂടത്തിനെതിരേ നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വെനസ്വേലയിലെ ഇടപെടല്‍ മെക്‌സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള മുന്നറിയിപ്പായാണ് ഇതിനെ കാണുന്നത്. അതേസമയം, അമേരിക്കന്‍ സൈനിക ഇടപെടലിനെ തുടര്‍ന്ന് വെനസ്വേല വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ പുലര്‍ച്ചെ കാരക്കാസിലെ ഫോര്‍ട്ട് ടിയുന സൈനിക സമുച്ചയത്തിലെ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന പ്രത്യേക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് സൈന്യം പിടികൂടി. 'ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്' എന്ന പേരില്‍ ഡെല്‍റ്റ ഫോഴ്‌സ്, എഫ്ബിഐ, സിഐഎ എന്നിവര്‍ ചേര്‍ന്നാണ് നടപടി നടത്തിയത്. ഇതിന്റെ ഭാഗമായി കാരക്കാസിലെ വിവിധ ഭാഗങ്ങളില്‍ ബോംബാക്രമണവും വൈദ്യുത ശൃംഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകരാറിലാവുകയും ചെയ്തു. ആക്രമണങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടതായാണ് നിഗമനം.

മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കി അമേരിക്കന്‍ ജനതയെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന 'നാര്‍ക്കോടെററിസം' കുറ്റമാണ് മഡൂറോയുടെയും ഭാര്യയുടെയും മേല്‍ യുഎസ് ചുമത്തിയിരിക്കുന്നത്. ടണ്‍കണക്കിന് കൊക്കെയ്ന്‍, ഫെന്റനൈല്‍ എന്നിവ അമേരിക്കയിലേക്ക് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച അമേരിക്ക, കസ്റ്റഡിയിലുള്ള മഡുറോയെ തിങ്കളാഴ്ച മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it