Latest News

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കൊവിഡ് കേസുകള്‍ വര്‍ധിച്ചു; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കൊവിഡ് കേസുകള്‍ വര്‍ധിച്ചു; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ
X

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ ഓരോ കേസുകള്‍ കൂടി നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നഗരത്തിലെ മുഴുവന്‍ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാവുന്ന സമയം വൈകീട്ട് ഏഴ് മണിവരെയായി നിജപ്പെടുത്തിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.

പാളയം, ചാല മാര്‍ക്കറ്റുകളില്‍ നഗരസഭ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായിനഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തും. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാളുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും സിസിടിവി ക്യാമറകള്‍ നഗരസഭയില്‍സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കണ്ട്രോള്‍ റൂം നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാത്ത കടകള്‍ അടച്ചുപൂട്ടും.

അന്തര്‍സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗി ജോലി ചെയ്തിരുന്ന സാഫല്യം കോംപ്ലക്‌സും അതിനടുത്തുളള പാളയം മാര്‍ക്കറ്റും പരിസര പ്രദേശങ്ങളിലെ കടകളും ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

നഗരപരിധിയിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദര്‍ശിച്ചു എന്നുള്ള മുഴുവന്‍ സഞ്ചാരപഥവും ഡയറിയില്‍ രേഖപ്പെടുത്തണം.കേസുകള്‍ റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും.

നിയന്ത്രണങ്ങളുടെ ഭാഗമായിമാര്‍ക്കറ്റുകളിലെ കടകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്രമീകരണം:

പഴം, പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.

പലവ്യഞ്ജനങ്ങള്‍, സ്‌റ്റേഷനറി, ചിക്കന്‍ എന്നിവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളുള്‍പ്പെടെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 % സ്ഥാപനങ്ങള്‍ മാത്രം ഓരോ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.

മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്രമീകരണം:

തിങ്കള്‍, ബുധന്‍, വെള്ളി, ശനി ഈ നാല് ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവധി ദിവസങ്ങളില്‍ ഹോം ഡെലിവറി അനുവദിക്കും.

Next Story

RELATED STORIES

Share it