Latest News

കുട്ടികളുടെ വർണവസ്ത്രങ്ങളിൽ വിഷാംശ ഭീഷണി

കുട്ടികളുടെ വർണവസ്ത്രങ്ങളിൽ വിഷാംശ ഭീഷണി
X

ന്യൂഡൽഹി: കുട്ടികൾക്കായി വിപണിയിലെത്തിക്കുന്ന നിറമേറിയ വസ്ത്രങ്ങളിൽ മാരക അളവിൽ ഈയം (ലെഡ്) ഉൾപ്പെടെയുള്ള വിഷലോഹങ്ങൾ കണ്ടെത്തിയതായി പുതിയ പഠനം. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ (ACS) വാർഷിക യോഗത്തിലാണ് ആശങ്ക ഉയർത്തുന്ന പഠനഫലങ്ങൾ അവതരിപ്പിച്ചത്. പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ നിന്നു ശേഖരിച്ച വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് പലതിലും സുരക്ഷാ പരിധി കവിയുന്ന ലെഡ് അളവ് കണ്ടെത്തിയത്.

വസ്ത്രങ്ങൾക്ക് കടുത്ത നിറവും ദീർഘകാല ചായസ്ഥിരതയും നൽകുന്നതിനായി നിർമാതാക്കൾ ലെഡ് (II) അസറ്റേറ്റ് എന്ന രാസസംയുക്തം ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. പ്രത്യേകിച്ച് ചുവപ്പ്, മഞ്ഞ തുടങ്ങിയ തിളക്കമുള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് കൂടുതലായി വിഷാംശം കണ്ടെത്തിയത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ഇതു ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ളത്. വസ്ത്രങ്ങൾ വായിൽ വെക്കുന്നതിലൂടെയോ ചർമസമ്പർക്കത്തിലൂടെയോ വിഷാംശം ശരീരത്തിലേക്ക് കടക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് കുട്ടികളിൽ പെരുമാറ്റ വ്യതിയാനം, തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും തകരാറുകൾ, പഠന ബുദ്ധിമുട്ടുകൾ, വളർച്ചാ മന്ദഗതി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

മരിയൻ സർവകലാശാലയിലെ കെമിസ്ട്രി ലാബിൽ കമീല ഡീവേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. സ്വന്തം മകളിൽ അമിതമായ ലെഡ് അളവ് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരമൊരു ഗവേഷണത്തിന് തുടക്കമായത്. കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരമാവധി ലെഡ് അളവ് 100 ppm ആണെങ്കിലും പരിശോധിച്ച മിക്ക വസ്ത്രങ്ങളിലും ഇതിലധികം അളവാണ് രേഖപ്പെടുത്തിയത്.

ഫാസ്റ്റ് ഫാഷൻ വസ്ത്രങ്ങളിലെ ഇത്തരം ആരോഗ്യഭീഷണികളെക്കുറിച്ച് മിക്ക മാതാപിതാക്കളും ബോധവാന്മാരല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ OEKO-TEX പോലുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്നും പ്രകൃതിദത്ത തുണിത്തരങ്ങൾ മുൻഗണന നൽകണമെന്നും നിർദേശം. പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി അലക്കുന്നതും രാസവസ്തുക്കളുടെ സാന്നിധ്യം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

Next Story

RELATED STORIES

Share it