Latest News

ഇങ്ങനെയാണ്‌ ഹിന്ദുത്വര്‍ 'സത്യം' നിര്‍മിക്കുന്നത്: കരിക്ക് വെബ് സീരീസിലെ രംഗവും വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചു

കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ലാത്ത സംഭവത്തിന് 'കരിക്ക്' എന്ന പ്രശസ്തമായ മലയാളം വെബ് സീരിയിലെ ഒരു രംഗമാണ് അടിയേറ്റു മുഖം വീങ്ങിയ ആര്‍എസ്എസ് കാര്യവാഹകിന്റെ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.

ഇങ്ങനെയാണ്‌ ഹിന്ദുത്വര്‍ സത്യം നിര്‍മിക്കുന്നത്: കരിക്ക് വെബ് സീരീസിലെ രംഗവും വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചു
X

കോഴിക്കോട്: ചതിയും വഞ്ചനയും കള്ളപ്രചരണവുമാണ് സംഘ്പരിവാരത്തിന്റെ മുഖമുദ്ര എന്ന് വ്യക്തമാക്കിക്കൊണ്ട് ഹിന്ദുത്വരുടെ ഒരു കള്ളപ്രചരണം കൂടി പൊളിഞ്ഞു വീണു. കേരളത്തില്‍ മുസ്‌ലിം കുടുംബത്തില്‍ വിവാഹത്തിനു പോയ ആര്‍എസ്എസ് കാര്യവാഹകിനെ മര്‍ദ്ദിച്ച് അവശനാക്കി എന്ന പേരില്‍ ഹിന്ദുത്വര്‍ നടത്തിയ കള്ളപ്രചരണമാണ് തകര്‍ന്നത്.

ഷിത്തൂന്‍ എന്‍ കെ എന്നയാള്‍ ട്വീറ്റ് ചെയ്താണ് വ്യാജവാര്‍ത്തക്ക് തുടക്കമിട്ടത്. ' ഇത് മിസ്റ്റര്‍. ചന്ദ്രബോസ് (ആര്‍എസ്എസ് കാര്യവാഹക്). ഒരു മുസ്ലീം വിവാഹത്തില്‍ പങ്കെടുത്തതിനാലാണ് അദ്ദേഹത്തെ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചത്. ദൈവത്തിന്റെ സ്വന്തം രാജ്യമായ കേരളത്തിലാണ് ഇത് സംഭവിച്ചത്.' എന്നായിരുന്ന വ്യാജ വാര്‍ത്ത. ആര്‍എസ്എസ് കാര്യവാഹകിന്റെ അടിയേറ്റു വീങ്ങിയ മുഖമുള്ള ഫോട്ടോയും ഇതിനൊപ്പം ചേര്‍ത്തിരുന്നു. നൂറിലേറെപ്പേരാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. '0% മാനവികത, 100% സാക്ഷരത, കേരളത്തിന് നാണക്കേട്! എന്നെഴുതിയ ട്വീറ്റില്‍ ജസ്റ്റിസ്‌ഫോര്‍ചന്ദ്രബോസ് എന്ന ഹാഷ്ടാഗും തയ്യാറാക്കിയിരുന്നു. ബിജെപിയെ ടാഗ് ചെയ്ത ട്വീറ്റ് സംഘപരിവാര കേന്ദ്രങ്ങള്‍ എഫ്ബിയിലും പ്രചരിപ്പിച്ചു.

കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ലാത്ത സംഭവത്തിന് 'കരിക്ക്' എന്ന പ്രശസ്തമായ മലയാളം വെബ് സീരിയിലെ ഒരു രംഗമാണ് അടിയേറ്റു മുഖം വീങ്ങിയ ആര്‍എസ്എസ് കാര്യവാഹകിന്റെ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. സംഭവം നടന്നത് കേരളത്തില്‍ എന്നല്ലാതെ കേരളത്തില്‍ എവിടെയാണെന്നു പോലും പറഞ്ഞിട്ടില്ലെങ്കിലും സംഘികള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഒരേ സമയം കേരളത്തെയും മുസ്‌ലിംകളെയും ആക്രമിക്കാന്‍ കിട്ടിയ അവസരമായിട്ടാണ് ഈ വ്യാജവാര്‍ത്തയും ചിത്രവും ഉപയോഗിച്ചത്.

സോജോ ജോയ് എന്ന മലയാളി ഇതിന്റെ സത്യാവസ്ഥ വിശദമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെങ്കിലും വ്യാജ വാര്‍ത്തക്കു ലഭിച്ച അത്രയും ഇതിന് പ്രചാരം ലഭിച്ചില്ല. കേരളത്തില്‍ മുസ്‌ലിം കുടുംബത്തില്‍ വിവാഹത്തിനു പോയി അടികിട്ടി മുഖം വീങ്ങിയ 'ആര്‍എസ്എസ് കാര്യവാഹകിന്റെ' ഫോട്ടോ ഇപ്പോഴും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it