Latest News

'യഥാര്‍ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് അവരല്ല'; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

യഥാര്‍ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് അവരല്ല; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ സുപ്രിംകോടതി നടത്തിയ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്കാഗാന്ധി. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ബഹുമാനപ്പെട്ട ജഡ്ജിമാരോടുള്ള ആദരവ് അറിയിക്കട്ടെ, ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് അവരല്ല, എന്റെ സഹോദരന്‍ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ഏറ്റവും ബഹുമാനിക്കുന്നു. ഇത് തെറ്റായ വ്യാഖ്യാനമാണ്' അവര്‍ വ്യക്തമാക്കി. സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

രാഹുലിനെ പിന്തുണച്ചുകൊണ്ട്, ഇന്ത്യാസഖ്യത്തിലെ മറ്റു നേതാക്കളും രംഗത്തെത്തി. സുപ്രിംകോടതിയുടെ നിരീക്ഷണം 'അനാവശ്യമാണെന്ന്' കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.'നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ഒരു സര്‍ക്കാര്‍ ഇത്രയധികം പരാജയപ്പെടുമ്പോള്‍, അതിനെതിരെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഓരോ പൗരന്റെയും ധാര്‍മ്മിക കടമയാണ്,' അവര്‍ എക്സില്‍ പങ്കുവച്ചു.

'2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം, നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍, നിങ്ങള്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു,'വാദം കേള്‍ക്കുന്നതിനിടെ, ബെഞ്ച് രാഹുല്‍ഗാന്ധിയോട് ചോദിക്കുകയായിരുന്നു. താങ്കള്‍ പ്രതിപക്ഷ നേതാവാണെന്നും സോഷ്യല്‍ മീഡിയയിലൂടെയല്ല, പാര്‍ലമെന്റില്‍ കാര്യങ്ങള്‍ പറയണമെന്നും ബെഞ്ച് പറഞ്ഞിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സൈന്യത്തിനെതിരെ നിരവധി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഉദയ് ശങ്കര്‍ ശ്രീവാസ്തവയാണ് കേസ് ഫയല്‍ ചെയ്തത്.

Next Story

RELATED STORIES

Share it