Latest News

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചിയിലെത്തി

1.25 ബില്യണ്‍ ഡോളര്‍(ഏകദേശം 125 കോടി രൂപ) ചെലവില്‍ കഴിഞ്ഞ മാസം ജര്‍മനിയില്‍ പണി കഴിപ്പിച്ച കപ്പല്‍ ഇന്ത്യന്‍ തീരങ്ങളില്‍ ഇതുവരെ അടുത്തിട്ടുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ആഡംബര കപ്പലാണ്

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചിയിലെത്തി
X

കൊച്ചി: 71 രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തിലേറെ യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്തെത്തി. ദുബയില്‍ നിന്ന് സിംഗപ്പൂരിലേക്കു 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കിടെയാണ് റോയല്‍ കരീബിയിന്‍ ഇന്റര്‍നാഷനലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ കൊച്ചി തീരത്തെത്തിയത്. ഇന്ത്യയില്‍ കൊച്ചിക്ക് പുറമെ മുംബൈ തുറമുഖത്തും കപ്പല്‍ അടുത്തു. 1.25 ബില്യണ്‍ ഡോളര്‍(ഏകദേശം 125 കോടി രൂപ) ചെലവില്‍ കഴിഞ്ഞ മാസം ജര്‍മനിയില്‍ പണി കഴിപ്പിച്ച കപ്പല്‍ ഇന്ത്യന്‍ തീരങ്ങളില്‍ ഇതുവരെ അടുത്തിട്ടുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ആഡംബര കപ്പലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയതും സാങ്കേതിക തികവുമുള്ള യാത്രാ കപ്പലും ഇതുതന്നെ. 2017 നവംബര്‍ എട്ടിന് തുടങ്ങിയ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 517 ദിവസമാണെടുത്തത്. കഴിഞ്ഞ ഏപ്രിലില്‍ ബാഴ്‌സലോണയില്‍ നിന്ന് യാത്ര തുടങ്ങി ദുബയില്‍ ആദ്യ യാത്ര അവസാനിപ്പിച്ച കപ്പലിന്റെ രണ്ടാംഘട്ട യാത്രയാണിത്. മെയ് നാലിന് ദുബയ് പോര്‍ട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. മസ്‌കത്ത് വഴി എട്ടുദിവസം പിന്നിട്ട് ഇന്നലെ രാവിലെ കൊച്ചിയിലെത്തി. രാത്രി തന്നെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 16ന് പെനാന്‍ങ്(മലേസ്യ) തുറമുഖത്തടുപ്പിച്ച ശേഷം സിംഗപ്പൂരിലേക്ക് യാത്ര തുടരും. 18ന് വൈകീട്ട് സിംഗപ്പൂരില്‍ യാത്ര അവസാനിപ്പിക്കും. 16 ഡെക്കുകളുള്ള കപ്പലില്‍ 5,622 അതിഥികളെ ഉള്‍ക്കൊള്ളാനാവും. നിലവില്‍ 4007 യാത്രക്കാരാണ് കപ്പലിലുള്ളത്. 715 കപ്പല്‍ ജീവനക്കാരില്‍ 200 പേരും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരും. 117 ഇന്ത്യക്കാരും കപ്പലില്‍ യാത്രക്കാരായുണ്ട്. നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ കപ്പലുകളായ ക്വാണ്ടം ഓഫ് ദ സീസ്, ഒവേഷന്‍ ഓഫ് ദ സീസ് എന്നിവയുടെ സഹോദര കപ്പലായ സ്‌പെക്ട്രം ഓഫ് ദ സീസിന് 1,139 അടി നീളമാണുള്ളത്. ഭാരം 168,666 ഗ്രോസ് ടണ്‍.

എല്ലാ പ്രായ വിഭാഗത്തിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന വിര്‍ച്ച്വല്‍ റിയാലിറ്റി സ്‌കൈ പാഡ്, കരോക്കെ വേദിയായ സ്റ്റാര്‍ മൊമന്റ്, നോര്‍ത്ത് സ്റ്റാര്‍ എലിവേറ്റഡ് ഗ്ലാസ് ക്യാപ്‌സ്യൂള്‍, റിപ്‌കോര്‍ഡ് ബൈ ഐ ഫ്‌ളൈ സ്‌കൈ ഡൈവിങ് സിമുലേറ്റര്‍, ഫ്‌ളോറൈഡര്‍ സര്‍ഫിങ് സിമുലേറ്റര്‍, ബയോണിക് ബാര്‍, കടലിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ആക്ടിവിറ്റി ഇടമായ സീപ്ലെക്‌സ്, കപ്പലിന്റെ പുറകില്‍ നിന്ന് 270 ഡിഗ്രി പനോരമിക് കാഴ്ച്ചകള്‍ ആസ്വദിക്കാവുന്ന ടു70 തുടങ്ങിയവയാണ് കപ്പലിന്റെ പ്രധാന സവിശേഷതകള്‍. ഇതിനുപുറമെ സ്യൂട്ട് ഗസ്റ്റ് യാത്രക്കാര്‍ക്കായി സ്വകാര്യ എന്‍ക്ലേവ്, മുഴുവന്‍ യാത്രക്കാര്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപണ്‍ ഡൈനിങ് റൂം, 93 വിവിധ തരം റെസ്‌റ്റോറന്റുകള്‍, സ്വിമ്മിങ് പൂള്‍, കളിക്കളം, അത്യാധുനിക ജിംനേഷ്യം, കാസിനോ, റോയല്‍ തിയേറ്റര്‍, ലൈബ്രറി തുടങ്ങിയ വിവിധ സൗകര്യങ്ങളും കപ്പലിനുള്ളിലുണ്ട്. അടുത്ത മാസം ഷാങ്ഹായിയില്‍ നിന്നാണ് കപ്പലിന്റെ മൂന്നാംയാത്ര. ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ 34 വിവിധ യാത്രകള്‍ക്ക് ശേഷം അറ്റകുറ്റപ്പണിക്കായി കപ്പല്‍ സിംഗപ്പൂരില്‍ തിരിച്ചെത്തും.



Next Story

RELATED STORIES

Share it