Latest News

അമേരിക്ക കൂടുതൽ ചൈനീസ്‌ നയതന്ത്ര കാര്യാലയങ്ങൾ അടച്ചു പൂട്ടിയേക്കും

അമേരിക്ക കൂടുതൽ ചൈനീസ്‌ നയതന്ത്ര കാര്യാലയങ്ങൾ  അടച്ചു പൂട്ടിയേക്കും
X

വാഷിങ്‌ടൺ: ചൈനയുമായുള്ള നയതന്ത്രബന്ധം പൂർണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ്‌ ഭരണകൂടം കൂടുതൽ ചൈനീസ്‌ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടാൻ ആലോചിക്കുന്നു.

''കൂടുതൽ എംബസികൾ പൂട്ടുന്നത്‌ അസാധ്യമായ കാര്യമല്ല. ഞങ്ങൾ പൂട്ടിയ എംബസിയിൽ വലിയ തോതിൽ തീ പടർന്നതായി കാണുന്നു. അവർ രേഖകൾക്ക്‌ തീയിടുന്നതായാണ്‌ മനസ്സിലായത്‌. ഇതൊക്കെ എന്താണെന്ന്‌ ഞങ്ങൾ അദ്‌ഭുതപ്പെടുന്നു''- വൈറ്റ്‌ഹൗസിലെ പ്രതിദിന വാർത്താസമ്മേളനത്തിൽ ട്രംപ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ്‌ സ്റ്റേറ്റ്‌ ഡിപാർട്ട്‌മെന്റ്‌ ഹൂസ്റ്റണിലെയും ടെക്‌സാസിലെയും നയതന്ത്രകാര്യാലയങ്ങൾ 72 മണിക്കൂറിനുള്ളിൽ പൂട്ടണമെന്ന്‌ ഉത്തരവിട്ടിരുന്നു. ചൈനീസ്‌ നയതന്ത്രകാര്യാലയങ്ങൾ ചാരവൃത്തിയിൽ ഏർപ്പെടുന്നുവെന്നാരോപിച്ചാണ്‌ നടപടി.

''ചൈന അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ബൈദ്ധികസ്വത്ത്‌ മോഷ്ടിക്കുകയാണ്‌. അതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങൾ യൂറോപ്പിനും അമേരിക്കയ്‌ക്കും നഷ്ടമാവുന്നു. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ്‌ ഈ മോഷണത്തിനു പിന്നിൽ''- യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ ആരോപിച്ചു.

''ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എങ്ങനെയാണ്‌ പെരുമാറുക എന്ന കാര്യത്തെ കുറിച്ച്‌ അമേരിക്ക‌ക്ക്‌ നല്ല ധാരണയുണ്ട്‌. അമേരിക്കൻ ജനതയുടെ തൊഴിലും രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും സമ്പദ്‌ഘടനയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്‌ നടപടി''- പോംപിയോ കൂട്ടിച്ചേർത്തു.

കൊവിഡ്‌ വാക്‌സിൻ നിർമാണ കമ്പനികളുടെ കമ്പ്യൂട്ടർ ശ്യംഖലയിൽ നുഴഞ്ഞുകയറിയെന്ന്‌ ആരോപിച്ച്‌ യുഎസ്‌, രണ്ട്‌ ചൈനീസ്‌ പൗരന്മാരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ലി സിയോയു, ഡോങ്‌ ജിയാസി തുടങ്ങിയവരാണ്‌ അറസ്‌റ്റിലായത്‌.

കഴിഞ്ഞ 10 വർഷമായി ഇവർ യുഎസ്‌, ആസ്‌ത്രേലിയ, ബെൽജിയം, ജർമനി, ലിത്വാനിയ, നെതർലാന്റസ്‌, സ്‌പെയിൻ, സൗത്ത്‌ കൊറിയ, സ്വീഡൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുടെ രഹസ്യങ്ങൾ ചോർത്തുകയാണെന്നാണ്‌ അമേരിക്ക ആരോപിക്കുന്നത്‌. അറസ്റ്റിലായ ഇരുവരും കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ്‌.

ഹോങ്കോങ്ങിലെയും ചൈനയിലെയും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ ചൈനയും യുഎസ്സും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലവിലുണ്ട്‌.

ഹോങ്കോങിൽ ദേശീയ സുരക്ഷാനിയമം നടപ്പാക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും തെക്കൻചൈന കടലിലെ സൈനിക വിന്യാസവും യുഎസ്സ്, ചൈന ബന്ധത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചൈന ചെറിയ രാജ്യങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാരോപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പർ രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it