Latest News

യുജിസി ചട്ടം സ്റ്റേ ചെയ്തത് സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ടുള്ള കോടതിയുടെ നടപടി; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

യുജിസി ചട്ടം സ്റ്റേ ചെയ്തത് സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ടുള്ള കോടതിയുടെ നടപടി; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യുജിസി കൊണ്ടുവന്ന Promotion of Equity in Higher Education Institutions Regulations, 2026 ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തത് സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍. ജാതി വിവേചനത്തെ തുടര്‍ന്ന് വ്യവസ്ഥാപിത കൊലപാതകത്തിനിരകളായ രോഹിത് വെമുലയുടേയും പായല്‍ തദ്‌വിയുടേയും അമ്മമാര്‍ നല്‍കിയ ഹരജികളെ തുടര്‍ന്നായിരുന്നു 2012ലെ ഇക്വുറ്റി നിയമത്തിന്റെ പരിഷ്‌കരിച്ച ചട്ടക്കൂട് പുറത്തിറക്കാന്‍ യുജിസിയോട് കോടതി ആവശ്യപ്പെട്ടത്. പരിഷ്‌ക്കരിച്ച ചട്ടക്കൂടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത ദലിത്-ആദിവാസി സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇപ്പോള്‍ സ്റ്റേ ചെയ്യാന്‍ കാരണം ചട്ടക്കൂട് സവര്‍ണ്ണ വിഭാഗങ്ങളെ കുറ്റക്കാരാക്കുന്നുവെന്ന സവര്‍ണ്ണ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷകനായ മൃത്യുഞ്ജയ് തിവാരി, വിനീത് ജിന്‍ഡാല്‍, രാഹുല്‍ ദേവാന്‍ എന്നിവര്‍ നല്‍കിയ എതിര്‍ ഹരജിയുടെ കാതല്‍ തന്നെ ഈ സവര്‍ണ്ണ മനോഭാവമാണ്. ജാതി വിവേചനത്തിനെതിരായ നിയമങ്ങള്‍ തന്നെ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുമെന്ന വാദം നിയമഞ്ജരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് സമൂഹത്തില്‍ വേരൂന്നിയ സവര്‍ണ്ണ ബോധ്യത്തില്‍ നിന്നാണ്. സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ട് കൊണ്ടുള്ള കോടതി നടപടികളെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുമ്പോള്‍ തന്നെ നിലവില്‍ യുജിസി പുറത്തിറക്കിയ ചട്ടങ്ങളെക്കുറിച്ച് വംശീയ-ജാതീയ വിവേചനങ്ങള്‍ക്കിരയാക്കപ്പെടുന്ന സമൂഹങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും മുഖവിലക്കെടുക്കേണ്ടതുണ്ട്.

ഇസ് ലാമോഫോബിയയേയും ജാതീയതയേയും മുന്‍നിര്‍ത്തി വംശീയ വിവേചനങ്ങള്‍ക്ക് കൃത്യമായ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്ന് യുജിസി പുറത്തിറക്കിയ ചട്ടക്കൂട് പരിഷ്‌കരിക്കണം. വംശീയ വിവേചനങ്ങളെ തന്നെ കേവലം ഇല്ലാക്കഥകളാക്കി ചിത്രീകരിച്ച് ഉറഞ്ഞുതുള്ളുന്ന സവര്‍ണ്ണ പൊതുബോധത്തെ പൊതുസമൂഹം ചെറുത്തുതോല്‍പ്പിക്കണം. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്തുവര്‍ഷം തികഞ്ഞ ഈ സന്ദര്‍ഭം രോഹിത് ആക്ടിനായുള്ള സമഗ്ര നിയമനിര്‍മ്മാണത്തിനായുള്ള സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ടെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it