Latest News

എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം

എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം
X

ന്യൂഡല്‍ഹി: അന്തരിച്ച അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതായി റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും 2017ലെ അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തേയും പരാമര്‍ശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന റിപോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

'പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തേയും പരാമര്‍ശിക്കുന്ന എപ്സ്റ്റീന്‍ ഫയലിലെ ഇ മെയില്‍ സന്ദേശത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2017 ജൂലായില്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി എന്ന വസ്തുതയ്ക്കപ്പുറം, ആ ഇ മെയിലിലെ മറ്റെല്ലാം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജല്‍പനങ്ങള്‍ മാത്രമാണ്. അവ അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയേണ്ടവയാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മോദി തന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിച്ചെന്നും ട്രംപിനുവേണ്ടി ഇസ്രയേലില്‍ പോയെന്നുമായിരുന്നു എപ്സ്റ്റീന്റെ ഇ മെയിലിലെ പരാമര്‍ശം. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു 'ദേശീയ അപമാനമാണെന്ന്' വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, എപ്സ്റ്റീനില്‍ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ പുതിയ രേഖകളില്‍ മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍, 2,000ലധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിവരശേഖരം പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it