Big stories

സ്ഥിതി പരിതാപകരം: പാര്‍ലമെന്റില്‍ നിയമങ്ങളെക്കുറിച്ച് സംവാദം നടക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

സ്ഥിതി പരിതാപകരം: പാര്‍ലമെന്റില്‍ നിയമങ്ങളെക്കുറിച്ച് സംവാദം നടക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭയായ പാര്‍മെന്റ് സ്വന്തം ജോലി വൃത്തിയായി ചെയ്യുന്നില്ലെന്ന രൂക്ഷ വിമര്‍ശവനുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളില്‍ ആവശ്യമായ വ്യക്തതയില്ലെന്നും അത്തരത്തിലുള്ള സംവാദം നടക്കുന്നില്ലെന്നും പൊതുജനങ്ങളുടെ പണം പാഴായിപ്പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമങ്ങളുടെ ഓരോ മുക്കും മൂലയും പരിശോധിക്കുന്ന സംവാദങ്ങളാണ് പാര്‍ലമെന്റില്‍ നടക്കേണ്ടത്. എന്നാല്‍ അതൊന്നും നടക്കുന്നില്ല. മുന്‍കാലങ്ങളില്‍ പാര്‍മലെന്റില്‍ നിരവധി അഭിഭാഷകരുണ്ടായിരുന്നു. നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള അവസ്ഥ പരിതാപകരമാണെന്നും ഒരു സംവാദവും പാര്‍ലമെന്റില്‍ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാസ്സാക്കുന്ന നിയമങ്ങളില്‍ ആവശ്യമായ കൃത്യതയില്ല. നിയമത്തിന്റെ ഉദ്ദേശ്യംപോലും മനസ്സിലാവുന്നില്ല. അത് പൊതുജനങ്ങളുടെ പണം പാഴാക്കിക്കളയലാണ്. ബുദ്ധിജീവികളും അഭിഭാഷകരും പാര്‍ലമെന്റില്‍ ഇല്ലാതാവുമ്പോഴാണ് ഇത് സംഭവിക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യസമര കാലത്ത് നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും. മിക്കവരും അഭിഭാഷകരായിരുന്നു. ആദ്യകാല ലോക്‌സഭ, രാജ്യസഭ അംഗങ്ങളില്‍ മിക്കവരും അഭിഭാഷകരോ നിയമമേഖലയിലുള്ളവരോ ആയിരുന്നു- സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ എന്താണ് കാണുന്നത്? അക്കാലത്ത് സഭയില്‍ സംവാദങ്ങളുടെ അന്തരീക്ഷമുണ്ടായിരുന്നു. ധനബില്ലിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ഞാന്‍ കണ്ടു. വളരെ പ്രധാനപ്പെട്ട പോയിന്റുകള്‍ ചിലര്‍ ഉയര്‍ത്തി. നിയമം ചര്‍ച്ച ചെയ്യപ്പെട്ടു, വ്യാഖ്യാനിക്കപ്പെട്ടു. നിയമത്തില്‍ സഭയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് അവര്‍ക്കറിയാം- അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പെഗസസ് ചാരസോഫ്റ്റ് വെയര്‍, കര്‍ഷക നിയമം തുടങ്ങിയ വിഷയങ്ങളില്‍ പല തവണ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരാകട്ടെ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസ്സാക്കുകയായിരുന്നു. ഇതൊക്കെ മനസ്സില്‍ വച്ചാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

Next Story

RELATED STORIES

Share it