Latest News

കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്; അനുപമയുടെ പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്ന് വി ഡി സതീശന്‍

കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്;  അനുപമയുടെ പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം നാള്‍ സിപിഎം നേതാവായ പിതാവ് ചോരകുഞ്ഞിനെ തട്ടിയെടുത്തെന്ന മകളുടെ പരാതിയില്‍ പരിഹാരമുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികള്‍ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്. കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്. പൊലിസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെ അമ്മ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലര്‍ത്താന്‍ വരട്ടെയെന്നും ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെയാണ് മകള്‍ അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് എഴുതി തന്നതിനാലാണ് ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചതെന്നാണ് പിതാവ് ജയച്ചന്ദ്രന്‍ പറയുന്നത്. എന്നാല്‍, അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും അനുപമ പറയുന്നു. ഡിവൈഎഫ്‌ഐ പേരൂര്‍ക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അജിത്ത് ദലിത് ക്രിസ്ത്യാനിയായതിനാല്‍ കുടുംബം ബന്ധത്തെ എതിര്‍ത്തു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. ഇതോടെ കുടുംബം യുവതിയെ വീട്ടില്‍ തടഞ്ഞുവച്ചു. അജിത്തുമായി സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനുപമ സിസേറിയനിലൂടെ ആണ്‍ കുഞ്ഞിന് ജന്മംനല്‍കി. പ്രസവിച്ച് മൂന്നാം ദിവസം അച്ഛനും വീട്ടുകാരും കുഞ്ഞിനെ അനുപമയില്‍നിന്ന് ബലംപ്രയോഗിച്ച് മാറ്റി. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് കുഞ്ഞിനെ തിരിച്ചുനല്‍കാമെന്നാണ് അന്ന് അച്ഛന്‍ പറഞ്ഞത്. ഇതിനിടയില്‍ സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയില്‍നിന്ന് പാര്‍ട്ടി വക്കീല്‍ അടക്കം രണ്ടുപേരെത്തി ചില പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങി. വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും വെളിപ്പെടുത്തിയില്ല. അതേസയമം, അജിത് ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനവും നേടി. എന്നാല്‍, സഹോദരിയുടെ വിവാഹം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചു നല്‍കിയില്ല. കുട്ടിയെ തിരിച്ചുകിട്ടാനായി പേരൂര്‍ക്കട പോലിസില്‍ നിരവധി തവണ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചിരുന്നുവെന്നാണ് പിന്നീട് ലഭിച്ച വിവരം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അനുപമ അജിത്തിനൊപ്പമാണ് താമസം.

Next Story

RELATED STORIES

Share it