Latest News

നൃത്ത വേദിക്കരികില്‍ പത്ത് വയസ്സുള്ള മുസ് ലിം ആണ്‍കുട്ടിയുടെ സാന്നിധ്യം; മധ്യപ്രദേശില്‍ സംഘര്‍ഷവും കര്‍ഫ്യൂവും

നൃത്ത വേദിക്കരികില്‍ പത്ത് വയസ്സുള്ള മുസ് ലിം ആണ്‍കുട്ടിയുടെ സാന്നിധ്യം; മധ്യപ്രദേശില്‍ സംഘര്‍ഷവും കര്‍ഫ്യൂവും
X

ഭോപാല്‍: നൃത്തവേദിക്കരികില്‍ പത്ത് വയസ്സുള്ള മുസ് ലിം ആണ്‍കുട്ടിയുടെ സാന്നിധ്യത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ സെന്ധ്വ നഗരത്തില്‍ ഒക്ടോബര്‍ 13നാണ് സംഭവം നടന്നത്.

മഹാരാഷ്ട്ര, മധ്യപ്രദേശ് അതിര്‍ത്തിയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച നഗരമാണ് സെന്ധ്വ.

ബര്‍വാനി പോലിസ് പറയുന്നതനുസരിച്ച് ഒരു മുസ് ലിം ആണ്‍കുട്ടി ഗര്‍ബാ നൃത്ത വേദിയില്‍ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടിയുടെ വരവ് ഒരു ഹിന്ദു ആണ്‍കുട്ടി തടഞ്ഞു. അവര്‍ക്കിടയില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവത്രെ. സ്ഥലത്തുവച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കല്ലേറും നടന്നു.

ഈ തര്‍ക്കം പിന്നീട് മുതിര്‍ന്നവര്‍ ഏറ്റെടുത്തു. പരസ്പരം കല്ലേറും നടന്നു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കുപറ്റി.

ഇരു വിഭാഗങ്ങള്‍ക്കുമിടയിലുള്ള അവിശ്വാസമാണ് നിര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നിലെന്ന് ബര്‍വാനി എസ് പി ദീപക് ശുക്ല പറഞ്ഞു. അതിനിടയില്‍ വാട്‌സ്ആപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതും പ്രശ്‌നം സങ്കീര്‍ണമാക്കി. സംഭവം കൈവിട്ടുപോകുമെന്നായതോടെ ജില്ലാ ഭരണകൂടം ഒക്ടോബര്‍ 13ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കല്ലേറിനെക്കുറിച്ചുളള വാര്‍ത്ത അറിഞ്ഞ ഉടന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തപസ്യ പരിഹാര്‍ പോലിസുമായി സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പ്രദേശവാസികള്‍ പോലിസിനെയും ആക്രമിച്ചു.

അതിനിടയില്‍ 500ഓളം വരുന്ന ഹിന്ദുക്കള്‍ പോലിസ് സ്‌റ്റേഷന്‍ പിക്കറ്റ് ചെയ്ത് മുസ് ലിംകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

പോലിസില്‍ പരാതിപറയാന്‍ എത്തിയ 14 വയസ്സുകാരനായ ഒരു കുട്ടിയെയും മാതാവിനെയും ജനക്കൂട്ടം കൈകാര്യം ചെയ്തു. ഒരു കുട്ടിക്ക് കല്ലേറില്‍ പരിക്കേറ്റതില്‍ പരാതി പറയാനായി എത്തിയതായിരുന്നു അവര്‍. കുട്ടിയെയും കുടുംബത്തെയും രക്ഷിക്കാന്‍ പോലിസിന് ബലം പ്രയോഗിക്കേണ്ടിവന്നു.

ഹിന്ദു ജനക്കൂട്ടം കുട്ടിയെയും കുടുംബത്തെയും മാത്രമല്ല, ഒരു മുസ്‌ലിം പുരോഹിതനെയും ആക്രമിച്ചു. കൂടാതെ എസ്പിയുടെ നിര്‍ദേശപ്രകാരം ജനങ്ങളുമായി സംസാരിക്കാന്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സമറിനെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. പോലിസ് എത്തിയില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് മുസ്‌ലിം പുരോഹിതനായ സയ്യദ് അഫ്‌സല്‍ പറഞ്ഞു.

പോലിസ് എത്തിയാണ് അക്രമികളെ തിരിച്ചയച്ചത്. അതിനുശേഷവും ചിലര്‍ ചേര്‍ന്ന് മുസ് ലിം കടകള്‍ ആക്രമിച്ചിരുന്നു. രണ്ട് കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം ഇതുപോലുള്ള ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതില്‍ മുനിസിപ്പില്‍ കോര്‍പറേഷന്‍ വൈസ് പ്രസിഡന്റ് ഛോട്ടു ചൗധരി നിരാശ പ്രകടിപ്പിച്ചു.

കല്ലെറിഞ്ഞവര്‍ക്കും പോലിസിനെ ആക്രമിച്ചവര്‍ക്കുമെതിരേ പോലിസ് ഐപിസി 13, 148, 149, 353, 307 വകുപ്പനുസരിച്ച് കേസെടുത്തു.

സംഭവത്തില്‍ 26 പേരെ പോലിസ് അറസ്റ്റ് ചെയ്തു. സമാധാന സമ്മേളനത്തിന് പോലിസും റവന്യു അധികാരികളും നീക്കം നടത്തുന്നുണ്ട്.

നബി ദിനമായ ചൊവ്വാഴ്ച സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it