Latest News

'മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും'; കെ സി വേണുഗോപാല്‍

മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും; കെ സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി ആരാകും എന്ന തരത്തിലുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുജനമധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഓരോരുത്തര്‍ക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. കെ സുധാകരന്‍ മുതിര്‍ന്ന നേതാവാണ്. എന്നാല്‍ പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ സുധാകരന്‍ മാത്രമല്ല, ആരായാലും ഞാന്‍ പറയുന്നത് അങ്ങനെയാണെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡല പുനര്‍നിണയവുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകിരക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. ഈ രാജ്യത്തെ ബാധിക്കുന്ന, ജനാധിപത്യത്തെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ഡീലിമിറ്റേഷന്‍ ബില്ല് പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ ഇത്തരം ചര്‍ച്ച ഉചിതമല്ല. നാലാംതീയതി ഫലം വന്ന ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഡല്‍ഹിയില്‍ വെച്ച് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവെ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സമൂഹമാധ്യമങ്ങളോ നെഗറ്റീവ്, പോസിറ്റീവ് ചര്‍ച്ചകളോ ഒന്നുമല്ല കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. നാലാം തിയതി ഫലം വരട്ടെ. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്, ഫലം വരുന്നവരെ കാത്തിരിക്കുക. കോണ്‍ഗ്രസിന്റെ ലീഡര്‍ഷിപ്പും സിസ്റ്റവും കൂടിയാലോചിച്ചു തീരുമാനിക്കും. നേതാക്കന്മാര്‍ക്കില്ലാത്ത ആശങ്ക നിങ്ങള്‍ക്കെന്തിനാണ്. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ട് ഇരിക്കുകയാണ്. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇത്' കെ സി വേണുഗോപാല്‍ പറഞ്ഞു.

ചില മാധ്യമങ്ങളൊക്കെ എന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത് ഞാന്‍ വട്ടപ്പൂജ്യമാണെന്ന്. പൂജ്യമായിക്കോട്ടെ, കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഈ വിമര്‍ശനമൊക്കെ. അവരാണ് തീരുമാനിക്കുന്നതെങ്കില്‍ അവര് തീരുമാനിക്കട്ടെ. വെയിറ്റ് ഫോര്‍ ദ റിസള്‍ട്ട്. എല്ലാവരും പാര്‍ട്ടിക്കാരാണ്. നേതാക്കന്മാരെല്ലാം യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ആ യോജിപ്പ് ഇപ്പോഴുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടാകും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ ഭയങ്ക കലാപം ഉണ്ടാകുമെന്ന് പറഞ്ഞു, ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ സ്മൂത്തായി കാര്യങ്ങള്‍ നടക്കും. മുഖ്യമന്ത്രിയെ പാര്‍ട്ടി കൂടിയാലോചിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it